പി എഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി..

0


മക്കളുടെ വിവാഹം, വീട്പണി, ജോലി ചെയ്യാത്ത സമയത്തെ ചിലവുകള്‍ എന്ന് തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ഒരു സാധാരണകാരന്‍റെ കണക്കുകൂട്ടലുകളുടെ ഉത്തരമാണ് പിഎഫ് ഫണ്ട്‌. ഒരു തൊഴിലാളിയുടെ ആയുഷ്കാല സമ്പാദ്യം എന്ന് തന്നെ പറയാവുന്ന പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഏര്‍പെടുത്താനുള്ള ബജറ്റ് തീരുമാനം അതുകൊണ്ട് തന്നെയാണ് വളരെയധികം ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയിട്ടത്. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റിലെ നിര്‍ദേശമാണ് ഇപ്പോള്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. നിലവില്‍ പ്രോവിഡന്‍റ് ഫണ്ടിലെ പണം പിന്‍വലിക്കുമ്പോള്‍ ഒരു തരത്തിലുള്ള നികുതിയും ഈടാക്കാറില്ല. ഓരോ മാസവും തൊഴിലാളിയും കമ്പനിയും 12 ശതമാനം വീതം സമ്പാദ്യപദ്ധതിയില്‍ നിക്ഷേപിക്കുന്നു. കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് 1800 രൂപയായി അവയുടെ പരിധി നിശ്ചയിക്കാവുന്നതാണ്. പണം നിക്ഷേപിക്കുമ്പോള്‍ നിക്ഷേപത്തുകയ്ക്ക് മുകളില്‍ നികുതി ഒഴിവാക്കപ്പെടുകയും നിക്ഷേപത്തുകയ്ക്ക് ഓരോ വര്‍ഷവും പലിശ ലഭിക്കുകയും ചെയുന്നു. ഇതിന്മേല്‍ നികുതി ഈടാക്കാറില്ല. റിട്ടയര്‍ ചെയ്യുമ്പോള്‍ ആവശ്യകാരന് തുക മുഴുവന്‍ പിന്‍വലിക്കാം, ഒരു നികുതിയും കൂടാതെ. ഇതായിരുന്നു ഇതുവരെയുള്ള പതിവ്‌.

പക്ഷേ ഇപ്പോള്‍ ധനമന്ത്രി ജെയ്റ്റ്‌ലി പറയുന്നത് നിങ്ങളുടെ ഇ.പി.എഫ് നിക്ഷേപത്തുകയുടെ 60 ശതമാനത്തിന്‍മേല്‍ നികുതിയുണ്ടാകുമെന്നാണ്. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍ സ്ഥിരവരുമാനം നല്‍കുന്ന പെന്‍ഷന്‍ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനോ, മൂലധനനിക്ഷേപമാക്കി മാറ്റുന്നതിനോ പിന്‍വലിച്ചാല്‍ നികുതിയുണ്ടാകില്ലായെന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധ്യ പറയുന്നു. റിട്ടയര്‍ ചെയ്തതിനുശേഷവും പണം പെന്‍ഷന്‍ ഉല്‍പന്നങ്ങളിന്‍മേല്‍ തന്നെ തുടരണമെന്ന ഗവൺമെന്‍റ് താല്‍പര്യമാണ് ഇതിന് പിറകിലെന്ന് ചില വിശകലനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഫലത്തില്‍ പെന്‍ഷന്‍ പണമെടുത്ത് ചെലവാക്കുന്നതിന് തൊഴിലാളികള്‍ താല്‍പര്യം കാണിക്കാതെ വരികയും പണം പദ്ധതിയില്‍ തന്നെ തുടരുകയും ചെയ്യുകയുമാണ് ഉണ്ടാകുക.  മൂലധനനിക്ഷേപപദ്ധതികളില്‍ നിന്നുള്ള സ്ഥിരവരുമാനത്തിനല്ല പി.എഫ്. പണം, അത് ജനങ്ങള്‍ക്ക്‌ അവരുടെ ആവശ്യങ്ങള്‍ക്ക്  ഉള്ളതാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. റിട്ടയര്‍ ചെയ്തതിന് ശേഷം പണം പിന്‍വലിക്കുന്നത് സ്വന്തം ആവശ്യങ്ങള്‍ക്ക് ആണ്, അതില്‍ മറ്റു ഇടപെടലുകള്‍ പാടില്ല എന്ന് തന്നെ പറയാം.

ഇപിഎഫ് തുക പിന്‍വലിക്കുമ്പോള്‍ അതിന്‍റെ അറുപത് ശതമാനത്തിന് നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് നിര്‍ദേശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം കൂടുതല്‍ വരുമാനമുണ്ടാക്കുക മാത്രമല്ല സാമൂഹികക്ഷേമം കൂടി ലക്ഷ്യമിട്ടാണ് നികുതി ഏര്‍പ്പെടുത്തിയതെന്നാണ്  ജയ്റ്റ്‌ലി പറയുന്നത്.  താഴേത്തട്ടിലുള്ളവര്‍ക്ക് ഇപിഎഫ് ആനുകൂല്യം ലഭ്യമാക്കാന്‍ വേണ്ടിയാണ് തീരുമാനമെന്നും വിശദീകരണം ഉണ്ട് . എന്നാല്‍ ഈ നിര്‍ദേശം ഭാവിയില്‍ ഇപിഎഫ് പദ്ധതിയെ തകര്‍ക്കുകയും ഈ തുക കോര്‍പ്പറേറ്റുകളുടെ കൈയിലെത്തിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോപണമുണ്ട്. അതിലേറെ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്നു നിര്‍ദേശം പുനപരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നെങ്കിലും തീരുമാനത്തില്‍ ഉറച്ചു നില്കുകയാണെന്ന് ധനമന്ത്രി അറിയിക്കുകയും ചെയ്തു.
 
പി.എഫില്‍നിന്നു നികുതി പിടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം തൊഴിലാളികളോടുള്ള അനീതിയും വെല്ലുവിളിയുമാണെന്ന്‌ പരക്കെ ആക്ഷേപമുണ്ട്. മറ്റ് പെന്‍ഷന്‍ പദ്ധതികള്‍ക്ക് തുല്ല്യമാക്കുക എന്ന പേരിലാണ് തൊഴിലാളികള്‍ക്ക് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ഇ.പി.എഫ് പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നത്. ഇതിന് മുന്നോടിയായി ഇ.പി.എഫിലെ നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വിലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അഞ്ചു കൊല്ലം തുടര്‍ച്ചയായ സേവനത്തിന് ശേഷം ഒരു ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ ഇ.പി.എഫില്‍ നിന്ന് ലഭിക്കുന്ന തുകയ്ക്ക് ഇതുവരെ നികുതിയില്ലായിരുന്നു. കൂടാതെ ഈ പദ്ധതിയിലേക്ക് ജീവനക്കാര്‍ നിര്‍ബന്ധമായും നല്‍കേണ്ട തുകയ്ക്കും അധികമായി അടക്കുന്ന തുകയ്ക്കും 80 സി വകുപ്പ് പ്രകാരം ഒന്നര ലക്ഷം രൂപക്കുവരെ ആദായ നികുതി ഇളവിനും അര്‍ഹതയുണ്ടായിരുന്നു. ഫലത്തില്‍ ഒരു ഘട്ടത്തിലും നികുതി ചുമത്തപ്പെടാത്ത നിക്ഷേപമായിരുന്നു ഇ.പി.എഫിലേത്.  പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ അതിന്‍റെ 60 ശതമാനത്തിന് നികുതി നല്‍കണമെന്നും പുതിയ പെന്‍ഷന്‍ പദ്ധതി(എന്‍പിഎസ്)യും ഇപിഎഫും തമ്മില്‍ പൊരുത്തമുണ്ടാക്കുന്നതിനാണ് പരിഷ്കാരമെന്നുമാണ് സര്‍കാരിന്‍റെ വാദം. പെന്‍ഷന്‍ പ്ളാനുകളില്‍ പുനര്‍നിക്ഷേപം നടത്തുന്നവര്‍ക്ക് പൂര്‍ണ നികുതിയിളവ് നല്‍കുമെന്ന് അരുണ്‍ ജെയ്റ്റിലി അറിയിച്ചിട്ടുണ്ട്. പെന്‍ഷന്‍ അധിഷ്‌ഠിധ നിക്ഷേപങ്ങളില്‍ പി.എഫ്‌. പണം നിക്ഷേപിക്കുകയാണെങ്കില്‍ ഒരുവിധത്തിലുള്ള നികുതിയും ഈടാക്കില്ലെന്നും ഇന്ത്യയെ കൂടുതല്‍ പരിരക്ഷയും പെന്‍ഷന്‍ ഗുണഭോക്‌താക്കളുമുള്ള സമൂഹമാക്കി മാറ്റാന്‍ കഴിയുമെന്നുമാണ് ജെയ്‌റ്റ്‌ലിയുടെ വിശദീകരണം.

ഉയര്‍ന്ന ശമ്പളം വാങ്ങുന്ന 70 ലക്ഷം പേരെ മാത്രമാണു പുതിയ നികുതിനിര്‍ദേശങ്ങള്‍ ബാധിക്കുക എന്നാണ് സര്‍ക്കാര്‍ നിലപാട്‌. എന്നാല്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ജീവിതകാലസമ്പാദ്യത്തില്‍ കൈയിട്ടുവാരാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമമായാണ്‌ ഈ നീക്കത്തെ പൊതുവേ വിലയിരുത്തപ്പെടുന്നത്‌. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കു സുനിശ്‌ചിത പെന്‍ഷനോ, ആരോഗ്യരക്ഷാപദ്ധതികളോ വിരമിച്ചശേഷം ലഭ്യമല്ല. എല്ലാ ഇ.പി.എഫ്‌. അംഗങ്ങളും നിര്‍ബന്ധിത പെന്‍ഷന്‍ പദ്ധതിയിലേക്ക്‌ വിഹിതം നല്‍കുന്നുണ്ടെങ്കിലും ലഭിക്കുന്ന പരമാവധി പെന്‍ഷന്‍ 4000 രൂപയില്‍ താഴെയാണ്‌.നികുതി ഈടാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഏപ്രില്‍ ഒന്നിനുശേഷം ജോലിയില്‍ കയറുന്ന സ്വകാര്യമേഖലയിലെ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്കു തന്‍റെ റിട്ടയര്‍മെന്‍റ്‌ സമ്പാദ്യത്തിന്‍റെ 18 ശതമാനത്തോളം (ഏതാണ്ട്‌ അഞ്ചിലൊന്ന്‌) നികുതി ഇനത്തില്‍ നല്‍കേണ്ടിവരുമെന്നു ചുരുക്കം. തൊഴില്‍ജീവിതത്തിന്‍റെ മധ്യത്തുനില്‍ക്കുന്നവര്‍ക്കും വിരമിക്കല്‍ ആനൂകൂല്യങ്ങളില്‍നിന്ന്‌ 8-12 ശതമാനം നഷ്‌ടമുണ്ടാകുമെന്നു&#