നിഷേധ വോട്ടിനു ഒരു നിഷേധ വോട്ട്

0

ജനാധിപത്യം എപ്പോഴും അപൂര്‍ണ്ണമായിരിക്കും. അതില്‍ തിരുത്തലുകള്‍, കൂട്ടിചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ ഒക്കെ ആവശ്യമാണ്‌. സമവായത്തിന് അല്ല, വിയോജിപ്പിനും വിസമ്മതത്തിനും വേണ്ടിയാണ് ജനാധിപത്യം. എതിര്‍ക്കാനും ചെറുക്കാനും കഴിയാത്ത വ്യവസ്ഥ ജനാധിപത്യപരമല്ല. ഒറ്റ നേതാവും ഒറ്റ പാര്‍ട്ടിയും ഒറ്റപ്പെടുന്ന ജനതയുമല്ല, പല പാര്‍ട്ടികളും, ജന നേതാക്കളും ജനകീയ പങ്കാളിത്തവുമാണ് ജനാധിപത്യത്തെ ചലനാത്മകമാക്കുന്നത്. സംവാദമില്ലാതെ ജനാധിപത്യമില്ല. തെരഞ്ഞെടുപ്പുകള്‍ സംവാദ വേദികള്‍ കൂടിയാണ്. കഴിയുന്നത്ര ജനങ്ങളിലേക്ക് ആ സംവാദം എത്തിക്കുക എന്ന ബാധ്യതയാണ് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഉള്ളത്. അവരത് ചെയ്യാന്‍ ഉത്തരവാദപ്പെട്ടിരിക്കുന്നു. മുന്‍പൊരിക്കല്‍ തെരഞ്ഞെടുപ്പു ചെലവിനെ കുറിച്ച് ഒരു വിവാദം ഉണ്ടായി. ഏ.കെ. ആന്റണിയും ഇ എം എസ്സ്. നമ്പൂതിരിപ്പാടുമായിരുന്നു ആ സംവാദത്തിന് മുന്‍കൈ എടുത്തവര്‍. വര്‍ദ്ധിച്ചു വരുന്ന തെരഞ്ഞെടുപ്പു ചെലവിനെകുറിച്ചുള്ള ആന്റണിയുടെ പരാമര്‍ശമാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. തെരഞ്ഞെടുപ്പു ചെലവു കുറക്കണം എന്നായിരുന്നു ആന്റണിയുടെ ആവശ്യം. ഇതിനോട് ഏതാണ്ട് എല്ലാപേരും യോജിച്ചപ്പോള്‍ ഇ എം എസ്  മാത്രമാണ് ആ പോപ്പുലിസ്റ്റ് നിലപാടിനോട് വിയോജിപ്പ് അറിയിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തെരഞ്ഞെടുപ്പിലെ പ്രാധാന കാര്യം ഓരോ രാഷ്ട്രീയപാര്‍ട്ടിയും സ്വന്തം നിലപാട് പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകയും അതിനായി പ്രചരണം നടത്തുകയും ചെയ്യുക എന്നതാണ് അതിനു വരുന്ന ചെലവിനേക്കാള്‍ പ്രധാനമായിരുന്നത്. അതുകൊണ്ട് അതിനു ചെലവാകുന്ന പണത്തെ കുറിച്ചുള്ള ചര്‍ച്ച വിമര്ശിക്കപ്പെടെണ്ടതാണ് എന്നതായിരുന്നു ഇ എം എസ്സിന്റെ അഭിപ്രായം. പോപ്പുലിസ്റ്റ് നിലപാടുകള്‍ക്ക് എപ്പോഴും കൂടുതല്‍ സ്വീകാര്യത ഉണ്ടാവുമെങ്കിലും നിശിതമായ വിശകലനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ആവശ്യമാണ്‌ എന്ന കാഴ്ചപ്പാടില്‍ നിന്ന് ആയിരുന്നു ഞാന്‍ ആ ചര്‍ച്ച അന്നു ശ്രദ്ധാപൂര്‍വ്വം പിന്തുടര്‍ന്നത്. അതുകൊണ്ട് തന്നെ മറ്റു പല കാര്യങ്ങളിലും വിയോജിക്കുമ്പോഴും ഇതില്‍ ഇ എം എസ്സിന്റെ നിലപാടാണ് എനിക്ക് സ്വീകാര്യമായി തോന്നിയത്.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. പ്രാതിനിധ്യ ജനാധിപത്യമല്ലാതെ മറ്റൊരു സംവിധാനം ഇന്നത്തെ സാഹചര്യത്തില്‍ ഫലപ്രദമായ ബദല്‍ ആയി ചൂണ്ടിക്കാണിക്കുവാന്‍ ഇല്ല. ‘ചരിത്രം അവസാനിച്ചു’ എന്ന് വിശ്വസിക്കാതെ തന്നെ ഇക്കാര്യം പറയാന്‍ കഴിയും എന്നതില്‍ എനിക്ക് സംശയമില്ല. രാജ്യത്തെ നിരവധി നിയോജക മണ്ഡലങ്ങളായി തിരിച്ചു അവയില്‍ നിന്ന് സ്വന്തം പ്രതിനിധികളെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. പരിമിതികള്‍ ഉണ്ടെങ്കിലും ജനായത്ത വ്യവസ്ഥയിലെ ഒരു മുന്നേറ്റം എന്ന തലത്തിലുള്ള ഈ സംവിധാനത്തിന്റെ ഗുണവശങ്ങള്‍ കാണാതെ പോകുന്നതില്‍ അര്‍ത്ഥമില്ല. ഓരോ നിയോജക മണ്ഡലത്തിലും ഉണ്ടാവുക പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളായി നിര്‍ത്തുന്നവരും അത് കൂടാതെ സ്വതന്ത്രര്‍ ആയി മത്സരിക്കുന്നവരും അടങ്ങുന്ന ഒരു പാനലാണ്. ഈ പാനലില്‍ നിന്ന് ഒരാളെ തെരെഞ്ഞെടുക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനമായിട്ടുള്ളത്. അതിനായി നടക്കുന്ന ചര്‍ച്ചകളില്‍, സമ്മേളനങ്ങളില്‍, മറ്റു പ്രചരണങ്ങളില്‍ അറിഞ്ഞും അറിയാതെയും പങ്കെടുത്തുകൊണ്ട് ജനങ്ങള്‍ ജനാധിപത്യമെന്ന  രാഷ്ട്രീയ പ്രക്രിയയുടെ  ഭാഗമാവുന്നു. വോട്ടു ചെയ്യുന്നതിലൂടെ ആരായിരിക്കണം തന്‍റെ പ്രതിനിധി എന്ന കാര്യത്തില്‍ സ്വന്തം വിവേചനാധികാരം ഓരോരുത്തരും വിനിയോഗിക്കുന്നു. വോട്ട് ചെയ്യുന്നത് പോലെ തന്നെ വോട്ട് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യവും പരമ പ്രധാനമാണ്. അതിനാല്‍ മറ്റു ചില രാജ്യങ്ങളില്‍ എന്ന പോലെ ഇന്ത്യയില്‍ വോട്ട് ചെയ്യാതിരിക്കുന്നത് നിയമ വിരുദ്ധമല്ല.

വോട്ട് ചെയ്യുന്നത് എല്ലാവരും അറിയുമെന്നത് പോലെ വോട്ടു ചെയ്യാത്തതും അറിയുവാന്‍ കഴിയും. ഇതിനു മാത്രം രഹസ്യാത്മകത ഉണ്ടാവണം എന്ന വാദം ബാലിശമാണ്. ഇത്തരമൊരു വാദം ഉയരുന്നതിന്റെ അടിസ്ഥാനം തന്നെ രഹസ്യ ബാലറ്റ് എന്ന സങ്കല്‍പ്പത്തെ ചോദ്യം ചെയ്യുന്നതാണ്. ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് സ്ഥാനാര്‍ഥികള്‍  അറിയരുത് എന്നതാണ് രഹസ്യ വോട്ടിന്‍റെ രാഷ്ട്രീയാടിസ്ഥാനം. ആരു ജയിച്ചാലും അതിന്‍റെ പേരില്‍ തനിക്കു വോട്ടു ചെയ്യാത്തവരോട് വിജയിക്ക് വിവേചനം ഉണ്ടാവരുത് എന്നതാണ് അതിന്‍റെ യുക്തി. ഈ യുക്തി വോട്ടു ചെയ്യാന്‍ എത്താത്തവര്‍ക്കും കൂടി ബാധകമാക്കണം എന്നതായിരുന്നു കോടതിയില്‍ ഇപ്പോള്‍ വാദം നടന്ന്‍ നിഷേധ വോട്ടു അനുവദിക്കുക എന്ന വിധിയിലേക്ക് നയിച്ച പ്രധാന പ്രശ്നം. പ്രത്യക്ഷത്തില്‍ നിരുപദ്രവപരവും സാമാന്യ നീതിയുമായി തോന്നിക്കുന്ന ഈ പ്രശ്നം നിസ്സാരമായ ഒന്നല്ല. മാത്രമല്ല, വോട്ടു ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്താത്തവരെ സംബന്ധിച്ചേടത്തോളം ഈ വിധി ഒരു ആശ്വാസവും തരുന്നുമില്ല. ഒരു സ്ഥാനാര്‍ഥിക്കും വോട്ടു ചെയ്യുന്നില്ല എന്ന് രഹസ്യമായി രേഖപ്പെടുത്താനുള്ള അവകാശം വോട്ടര്‍ക്ക്‌ ഉണ്ടായിരിക്കണം എന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചത്. കോടതി അത് അനുവദിക്കുക ആയിരുന്നു. None of the above (NOTA) എന്ന് കൂടി ബാലറ്റ് പേപ്പറിലോ വോട്ടിംഗ് യന്ത്രത്തിലോ രേഖപ്പെടുത്താന്‍ കഴിയും എന്നതാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. നിലവിലുള്ള നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി മത്സരിക്കുന്ന സ്ഥാനാര്‍ഥികളാരും  തന്‍റെ വോട്ടിനു അര്‍ഹരല്ല എന്ന് രഹസ്യമായി രേഖപ്പെടുത്താന്‍ ഒരു വോട്ടര്‍ക്കും കഴിയും എന്ന മെച്ചം തീര്‍ച്ചയായും ഈ രീതിക്കുണ്ട്.
 
വോട്ടു ചെയ്യുക എന്നത് മൌലികാവകാശമാണോ എന്ന പ്രശ്നത്തില്‍ മൌലികാവകാശമാണോ എന്നതല്ല, അതൊരു ഭരണഘടനാപരമായ അവകാശമാണ് എന്ന് ഉറപ്പിക്കുന്നതിലും ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യo ആണു എന്ന് ഉറപ്പിക്കുന്നതിലും ഈ വിധി മുന്നോട്ടു പോയിട്ടുണ്ട് എന്ന കാര്യവും എടുത്തു പറയേണ്ടതായിട്ടുണ്ട്. ഇത് ഇതിലെ മുഖ്യമായ ഒരു വശമാണ് എന്ന കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ രഹസ്യാത്മകതക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും നല്‍കുന്ന വ്യാഖ്യാനം തീര്‍ച്ചയായും കൂടുതല്‍ ചര്‍ച്ച ആവശ്യമുള്ളതാണ് എന്നാണ് എന്‍റെ അഭിപ്രായം.  മാത്രമല്ല, പങ്കാളിത്തം വര്‍ദ്ധിപിക്കുന്നത് ക്രിയാത്മകമായ രീതിയില്‍ ആവണം എന്നതും നിഷേധാത്മകമായ പങ്കാളിത്തം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമോ എന്ന കാര്യത്തില്‍ നമുക്ക് തീര്‍പ്പില്ല എന്നതും വിസ്മരിച്ചുകൂടാ.

നിഷേധ വോട്ട് എന്നത് ഒരു അവകാശമായി മാറുകയാ&#3