മാധവികുട്ടിയെ കണ്ടെത്താത്ത ‘ആമി’

0

ഏറെ പ്രതീക്ഷയോടെ മഞ്ജു ആരാധകരും മാധവികുട്ടിയുടെ ആരാധകരും കാത്തിരുന്ന ചിത്രമായിരുന്നു കമലിന്റെ ആമി. ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഇന്ന് പുറത്തിറങ്ങിയ ആമി ശരിക്കും മാധവികുട്ടിയോടോ മഞ്ജുവിനോടോ നീതി പുലര്‍ത്തുന്നില്ല എന്ന് തന്നെയാണ് പറയേണ്ടത്. ബയോഗ്രഫി ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഉണ്ടാക്കുന്ന പിഴവുകളില്‍ ഏറ്റവും മുന്തിയത് കാണണമെങ്കില്‍ ആമി തന്നെ കാണാം.

മാധവിക്കുട്ടി എന്ന മികച്ച സാഹിത്യകാരിയെയോ ശക്തയായ സ്ത്രീയെയോ കുറച്ചെങ്കിലും ആഴത്തിൽ അടയാളപ്പെടുത്താൻ ആമിക്ക് കഴിഞ്ഞില്ലെന്നത് പ്രേക്ഷകനെ തീർച്ചയായും നിരാശപ്പെടുത്തും.കമൽ വാർത്തെടുത്ത മികച്ച ഒരു കൊമേഴ്സ്യൽ പാക്കേജാണ് ആമി. ചിത്രത്തിൽ നിന്നും വിദ്യാബാലൻ പിൻമാറിയതുമുതലുള്ള നെഗറ്റീവും പോസറ്റീവുമായ പബ്ളിസിറ്റി കമൽ നന്നായി മുതലാക്കി തിരക്കഥ പരിഷ്കരിച്ചതിന്റെ ഗുണഫലങ്ങൾ ഒറ്റനോട്ടത്തിൽ കാണാം.

മാധവിക്കുട്ടിയുടെ ജീവിത്തിലെ സുപ്രധാന സംഭവങ്ങളെ അവരുടെ തന്നെ കൃതികളുടെ സഹായത്തോടെ പറഞ്ഞു തരാനായിരുന്നു സംവിധായകന്റെ ശ്രമം. എന്നാൽ ചിത്രം കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകൻ ആമി എവിടെയെന്ന് കൈമലർത്തും. ട്രെയിലറോ ഗാനങ്ങളോ നൽകിയ പ്രതീക്ഷകൾ കാക്കാനും കമലിന്റെ ആമിക്ക് കഴിയാതെ പോയി.

നോവലുകളും, നൂറിലധികം വരുന്ന ചെറുകഥകളും, നാടകങ്ങളും സ്മരണയും ആത്മകഥയും കവിതകളും എല്ലാം ഉള്‍പ്പെടുന്ന ലോകമായിരുന്നു മാധവികുട്ടി എന്ന പ്രതിഭയുടേത്. ചിത്രീകരണത്തിന് മുമ്പ് തന്നെ വിവാദങ്ങളും പിടികൂടിയ സിനിമയായിരുന്നു ആമി. വിദ്യാബാലന്റെ പിന്മാറ്റം ഉള്‍പെടെ നിരവധി പ്രശ്നങ്ങളെ ചിത്രം അഭിമുഖീകരിച്ചു. മാധവിക്കുട്ടിയുടെ ജീവിതത്തെ പ്രമേയമാക്കി രാധാ-കൃഷ്ണ പ്രണയത്തിലൂടെ, ഒരു കലാകാരിയുടെ അനുഭവങ്ങളെ വര്‍ണ്ണിക്കുകയാണ് ആമി. ആ

നാടകീയമായ രംഗങ്ങളും, ചില അഭിനേതാക്കളുടെ അസ്വാഭാവിക പ്രകടനങ്ങളും ചിത്രത്തെ വളരെ മോശം അനുഭവമാക്കിമാറ്റുന്നുണ്ട്. പ്രാധാന്യമര്‍ഹിക്കാത്ത വിഷയങ്ങളെ ഏറെ സമയമെടുത്ത് കാണിക്കുകവഴി വിരസമായ സിനിമാനുഭവമാണ് പ്രേക്ഷകനു ലഭിക്കുന്നത്. മഞ്ജുവിനെ മനസ്സില്‍ കാണാതെ എഴുതിയ തിരക്കഥയില്‍ മഞ്ജു വന്നുപെട്ടപ്പോള്‍ സംഭവിക്കുന്ന തിരിത്തലുകളും ചിത്രത്തില്‍ കാണാം.

എഴുത്തുകൊണ്ട് കമല വാചാലമാക്കിയ പുന്നയൂർക്കുളവും നാലപ്പാട് തറവാടും സർപ്പക്കാവുമൊന്നും ‘ആമി’യുടെ ഫ്രെയിമുകൾക്ക് കാഴ്ചവയ്ക്കാനായില്ല. വലിയൊരു തറവാടും അതിന്റെ പരിസരവും നീർമാതളവുമെല്ലാം സിനിമയുടെ വലിയ കാൻവാസിലേക്ക് പകരുമ്പോഴും കാഴ്ചകൾ പരാജയപ്പെടുന്നു.മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസായി മുരളി ഗോപിയും അക്ബർ അലിയെന്ന കാമുകനായി അനൂപ് മേനോനും ആമിയുടെ നിത്യഹരിത കാമുകനായ കൃഷ്ണണനായി ആദ്യന്തം ടൊവിനോ തോമസും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.