പായ്‌വഞ്ചിയില്‍ ലോകം ചുറ്റാന്‍ വീണ്ടും അഭിലാഷ് ടോമി ഒരുങ്ങുന്നു

0

പായ്വഞ്ചിയില്‍ ഒരിക്കാല്‍ കൂടി ലോകംചുറ്റാന്‍  മലയാളി കമാൻഡർ അഭിലാഷ് ടോമി ഒരുങ്ങുന്നു. 2013ൽ ഒറ്റയ്ക്ക് പായ്‌വഞ്ചിയിൽ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തിയാണ് അഭിലാഷ് ടോമി.

പുതിയ സാഹസിക യാത്രയ്ക്കൊരുങ്ങുന്ന മലയാളി കമാൻഡർ അഭിലാഷ് ടോമിക്കു വേണ്ടി നിർമിച്ച പായ്‌വഞ്ചി ‘തുരിയ’ നരോവയിലെ അക്വാറിസ് ഷിപ്‌യാഡിൽ നടന്ന ചടങ്ങിൽ നീറ്റിലിറക്കി. അടുത്ത വർഷം ജൂൺ 30ന് ബ്രിട്ടനിലെ പ്ലിമത്തിൽനിന്ന് ആരംഭിക്കുന്ന ഗോൾഡൻ ഗ്ലോബ് റേസിലാണ് അഭിലാഷ് ടോമിയും തുരിയയും ലോകം ചുറ്റുക. രണ്ടു വനിതകൾ ഉൾപ്പെടെ 30 പേരുടെ പായ്‌വഞ്ചികൾ ഉൾപ്പെടുന്ന മൽസര പ്രയാണത്തിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരനും കൊച്ചി കണ്ടനാട് സ്വദേശിയായ അഭിലാഷാണ്.

ഭൂപടവും വടക്കുനോക്കി യന്ത്രവും നക്ഷത്രങ്ങളും നോക്കി സഞ്ചാരദിശ തീരുമാനിച്ചാണ് ഇക്കുറിയും അഭിലാഷിന്റെ യാത്ര. അൻപതു വർഷം മുൻപത്തെ കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രമാണ് ഈ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. യാതൊരുവിധ ആധുനികസംവിധാനങ്ങളും ഇല്ലെന്നു ചുരുക്കം. പത്തുമാസത്തേക്കുള്ള ഭക്ഷണം, 218 ലീറ്റർ ശുദ്ധജലം, മഴവെള്ളസംഭരണി എന്നിവയും വഞ്ചിയിലുണ്ട്.കടല്‍ കനിഞ്ഞാല്‍ 300 ദിവസങ്ങൾ കൊണ്ടു തിരിച്ചെത്താമെന്ന തരത്തിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.

1968ൽ ബ്രിട്ടിഷുകാരൻ സർ റോബിൻ നോക്സ് ജോൺസ്റ്റൺ നടത്തിയ ഏകാന്ത സഞ്ചാരത്തിന്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ചുള്ള ഗോൾഡൻ ഗ്ലോബ് റേസിലാണ് അഭിലാഷ് ടോമി പങ്കെടുക്കുന്നത്. സർ റോബിൻ സഞ്ചരിച്ച പായ്ക്കപ്പൽ സുഹൈലിയുടെ അതേ മാതൃകയിലാണ് തുരിയയുടെ നിർമാണം. ഇന്നലെ ഗോവയിൽ നടന്ന നീരണിയിക്കൽ ചടങ്ങിന് സർ റോബിൻ വിഡിയോ സന്ദേശം വഴി ആശംസ നേരുകയും ചെയ്തു.