ക്ഷണിച്ചു വരുത്തുന്ന അപകടങ്ങള്‍

0

ചില പത്രവാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നും ആ അപകടങ്ങള്‍ ഒരുപക്ഷെ അവര്‍ ക്ഷണിച്ചു വരുത്തിയതല്ലേ എന്ന്. അവരുടെ സമയം അടുത്തു എന്ന് പറഞ്ഞു സമാധാനിക്കാമെങ്കിലും ചില നേരമ്പോക്കുകള്‍ , അതിസാഹസികതകള്‍ ഒന്ന് മാറ്റി വെച്ചിരുന്നെങ്കില്‍ ആ അപകടം സംഭിവിക്കില്ലായിരുന്നു എന്ന് തോന്നി പോകും.

പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്നും, കുത്തിയൊഴുകുന്ന പുഴയുടെ വക്കില്‍ നിന്നും എല്ലാം സെല്‍ഫി പകര്‍ത്തുന്ന തലമുറ ചിലപ്പോള്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട് ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് നമ്മള്‍ കൊടുക്കേണ്ടി വരുന്ന വില! . ഒരുപക്ഷെ  ഉറ്റവരുടെ തീരാവേദനയാകും അതിന്റെ വില അല്ലെങ്കില്‍ നഷ്ടം സ്വന്തം ജീവന്‍ തന്നെയും.

ഇത് പറയാന്‍ കാര്യം സോഷ്യല്‍ മീഡിയകളില്‍ പറന്നു നടക്കുന്ന ചില ചിത്രങ്ങള്‍ ആണ്. കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള യുവാവിനെ ആന തൂക്കിയെറിഞ്ഞ സംഭവം കഴിഞ്ഞ ദിവസം ആണ് നടന്നത്. ഒറീസയിലെ ഭുവനേശ്വറിലെ ധെന്‍കനാല്‍ ജില്ലയിലെ മസാനിയയിലാണ് സംഭവം. രണ്ട് ദിവസമായി നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന കാട്ടാനയെ കാണാനെത്തിയ ഇരുപതുകാരനായ അഭിഷേക് നായ്ക്കാണ് ആനയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. മൊബൈലില്‍ പരമാവധി അടുത്തുനിന്ന് ചിത്രമെടുക്കാനുള്ള ശ്രമത്തിനിടെ അനയുടെ അടുത്തെത്തിയ അഭിഷേകിനെ ആന ആക്രമിക്കുകയായിരുന്നു. കൊമ്പുകുലിക്കി പാഞ്ഞെത്തിയ ആന അഭിഷേകിനെ കുറെദൂരം ഓടിച്ച ശേഷം തുമ്പിക്കൈയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ശബ്ദ കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ കല്ലും വടിയും എറിഞ്ഞ് ആനയെ പിന്തിരിപ്പിച്ചു.ആരുടെയൊക്കെയോ പുണ്യം കൊണ്ട് അയാള്‍ക്ക്‌ ഇപ്പോഴും ആയുസ്സ് ബാക്കിയുണ്ട്. ഇതൊരു ഒറ്റപെട്ട സംഭവം അല്ലെന്നു നമ്മുക്കെല്ലാം അറിയാം. ഇത്തരം എത്രയോ ചിത്രങ്ങള്‍ ദിനംപ്രതി ഇപ്പോള്‍ നാം കാണുന്നു. ഒരു നിമിഷത്തെ അശ്രദ്ധയോ കൌതുകമോ ആണ് ഈ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുക എന്ന കാര്യം വിസ്മരിക്കരുത്.