നടൻ ഫറാസ് ഖാൻ അന്തരിച്ചു

0

ഗുരുതരാവസ്ഥയിൽ ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലിൽ ഐ.സി.യുവിൽ കഴിഞ്ഞിരുന്ന ബോളിവുഡ് നടൻ ഫറാസ് ഖാൻ ( 46 ) അന്തരിച്ചു. നടി പൂജാ ഭട്ടാണ് മരണവിവരം ‘ട്വിറ്ററി’ലൂടെ അറിയിച്ചത്.

വർഷങ്ങളായി ചെസ്റ്റ് ഇൻഫെൻഷൻ ഫറാസിനെ അലർട്ടിയിരുന്നു. ഇത് മസ്തിഷ്കത്തിൽ അണുബാധയ്ക്ക് കാരണമായതോടെയാണ് നില ഗുരുതരമായത്. ആരോഗ്യനില കൂടുതൽ വഷളായതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ഫറാസ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആദ്യകാല നടൻ യൂസുഫ് ഖാന്റെ മകനാണ്. 1974 ജൂലായ് 11-ന് മുംബൈയിലാണ് ജനിച്ചത്. ഫരേബ്, മെഹന്ദി, ചന്ദ് ബുജ് ഗയ, പൃഥ്വി, ദുൽഹൻ ബനോ മേൻ തെരി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സൂപ്പർ ഹിറ്റ് ചിത്രമായ ‘മേനെ പ്യാർ കിയാ’യിൽ ഫറാസ് ഖാനെയായിരുന്നു നായകനാക്കാൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഫറാസ് പിന്മാറുകയും ആ സ്ഥാനത്തേക്ക് സൽമാൻ ഖാനെ തിരഞ്ഞെടുക്കുകയുമായിരുന്നു. ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഫറാസ് ഖാന്റെ ചികിത്സയ്ക്കായി സാമ്പത്തികസഹായം അഭ്യർഥിച്ച് സഹോദരൻ ഷഹ്മാൻ ഖാൻ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് നടി പൂജാഭട്ട് ഉൾപ്പെടെയുള്ളവർ സഹായവുമായി എത്തി.