ബിലീവേഴ്‌സ് ചർച് റെയ്‌ഡ്‌: ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടിയോളം രൂപ

0

സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ് തുടരുന്നു. ആദായനികുതി വകുപ്പ് പരിശോധനയിൽ കണക്കിൽപ്പെടാത്ത അഞ്ച് കോടി രൂപയാണ് പിടിച്ചെടുത്തത്.

നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പരിശോധന. വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറയുന്നു. ബിലിവേഴ്സ് സ്ഥാപനങ്ങളിൽ കണക്കെടുപ്പ് തുടരുകയാണ്.

തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കിൽപ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപയാണ് ഇന്നലെ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ 40 സ്ഥാപനങ്ങളിലാണ് ഇന്നലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. 57 ലക്ഷം രൂപ കാറിൽ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ബിലീവേഴ്‌സ് ചർച്ച് ചാരിറ്റിക്ക് എത്തിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 6000 കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തി.രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു.

സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാൻ്റെ വീട്ടിലും അദായ നികുതി വകുപ്പ് പരിശോധന നടത്തി. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിൻ്റെ ഡിക്കിയിൽ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്. പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക ഇടപാടിനെ അടക്കം വിവിധ രേഖകളും കണ്ടെത്തി. കേരളത്തിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്.