നടന്‍ പൂ രാമു അന്തരിച്ചു

0

തമിഴ് നടൻ പൂ രാമു അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പൂ രാമുവിന്റെ മരണത്തില്‍ മമ്മൂട്ടി അനുശോചിച്ചു. മമ്മൂട്ടിയുടെ ‘നൻപകല്‍ നേരത്ത് മയക്കം’ എന്ന സിനിമയില്‍ പൂ രാമു അഭിനയിച്ചിട്ടുണ്ട്.

തമിഴ് സിനിമയിലെ ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളായ ‘പൂ രാമു’വിന്റെ വിയോഗത്തില്‍ അതീവ ദു:ഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കുന്നു. ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ഭാഗമായതിന് നന്ദി എന്നുമാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്. പൂ രാമുവിന് ഒപ്പമുള്ള ഫോട്ടോയും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.

‘കര്‍ണൻ’, ‘സൂരരൈ പോട്ര്’ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് പൂ രാമു. ‘കര്‍ണനി’ല്‍ ധനുഷിന്റെ അച്ഛനായും ‘സൂരരൈ പോട്രില്‍’ സൂര്യയുടെ അച്ഛനായുമാണ് രാമു അഭിനയിച്ചത്. രാമു തെരുവ് നാടകങ്ങളിലൂടെയാണ് കലാ രംഗത്ത് സജീവമായത്. 2008ലെ ‘പൂ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയതോടെയാണ് പൂ രാമു എന്നറിയപ്പെടാൻ തുടങ്ങിയത്. ‘പേരൻപ്’, ‘തിലഗര്‍’, ‘നീര്‍ പാര്‍വേ’ തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട സിനിമകള്‍.

തമിഴ്‍നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്‍മയിലും പൂ രാമു അംഗമായിരുന്നു.