നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

0

ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ.
നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദേഹം ശ്വസിക്കുന്നതെന്നാണ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ശ്രീനിവാസന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ട്. ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.

ഇന്ന് രാവിലെ കൊച്ചിയിലെ ലാല്‍ മീഡിയയില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ശ്രീനിവാസനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാവിലെ കാറില്‍ ഡബ്ബിംഗിനായി എത്തിയതായിരുന്നു നടന്‍. അസ്വസ്ഥത കൊണ്ടു പുറത്തിറങ്ങാന്‍ കഴിയാതായ താരത്തെ അതേ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതിയില്‍ ഹാജരായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എന്നയാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശനായിരുന്നു അടുത്ത കാലത്തായി ശ്രീനിവാസന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രം. ഏറെ കാലത്തിന് ശേഷമാണ് അദ്ദേഹം ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിച്ചത്.