എയര്‍ഇന്ത്യ-വിസ്താര വിമാന കൂട്ടിയിടിയില്‍ നിന്നും ഒഴിവായതിനു പിന്നില്‍ രണ്ടു വനിതാ പൈലറ്റുമാരുടെ അവസരോചിത ഇടപെടല്‍

0

ആകാശത്തു നേര്‍ക്കുനേര്‍ എത്തിയ വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്നു തലനാരിഴയ്ക്ക് രക്ഷപെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കഴിഞ്ഞ ഏഴിനു മുംെബെ വ്യോമപാതയിലാണ് 261 യാത്രക്കാര്‍ ആകാശദുരന്തത്തെ മുഖാമുഖം കണ്ടത്. വിസ്താരയുടെ പുനെ-ഡല്‍ഹി യു.കെ997 വിമാനവും എയര്‍ ഇന്ത്യയുടെ മുംെബെ-ഭോപ്പാല്‍ എ.ഐ631 വിമാനവും ആകാശത്ത് വെറും 100 മീറ്റര്‍ ഉയരവ്യത്യാസത്തില്‍ എത്തിയത്. വിമാനങ്ങള്‍ നേര്‍ക്ക് നേര്‍ വരുമ്പോള്‍ രണ്ടു വിമാനങ്ങളുടെയും കോക്പിറ്റില്‍ വനിതാ പൈലറ്റുമാര്‍ ആയിരുന്നു.

മുംബൈയില്‍ നിന്നും ഭോപ്പാലിലേക്ക് പോകുകയായിരുന്ന എയര്‍ഇന്ത്യയുടെ എയര്‍ബസായ എ – 319 ും ഡല്‍ഹിയില്‍ നിന്നും പൂനേയ്ക്ക് പോയ വിസ്താര എ -320 നിയോ വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. രണ്ടു വിമാനങ്ങളും ഒരേ ദിശയില്‍ വരുമ്പോള്‍ ക്യാപ്റ്റന്മാര്‍ ശൗചാലയത്തില്‍ പോയതിനെ തുടര്‍ന്ന് സഹപൈലറ്റുമാരായിരുന്ന വനിതകളാണ് വിമാനം നിയന്ത്രിച്ചിരുന്നത്. എയര്‍ഇന്ത്യാ വിമാനത്തില്‍ ക്യാപ്റ്റന്‍ അനുപമാ കോഹ്‌ലിയായിരുന്നു കമാന്റര്‍. വിസ്താരയുടെ കോക്പിറ്റിലും വനിതാപൈലറ്റാണ് വിമാനം ഓടിച്ചിരുന്നത്.

29,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിസ്താര 27,100 അടി ഉയരത്തിലേക്ക് പെട്ടെന്ന് താഴ്്ത്തിയതാണ് പ്രശ്‌നമായത്. ഈ സമയം 20 വര്‍ഷമായി രംഗത്തുള്ള എയര്‍ഇന്ത്യാ ക്യാപ്റ്റന്‍ അനുപമാ കോഹ്‌ലിയുടെ അവസരോചിതമായ ബുദ്ധിയാണ് എല്ലാവരേയും രക്ഷപ്പെടുത്തിയത്. വിസ്താര വിമാനം രണ്ടായിരം അടി താഴ്ത്തിയപ്പോള്‍ നേരെ എതിര്‍ദിശയില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനവും വരികയായിരുന്നു.

വിസ്താരാ വിമാനം തന്റെ വിമാനത്തിന്റെ അതേ ദിശയില്‍ വരുന്നത് ഇവരുടെ ദൃഷ്ടിയില്‍ പെടുകയും എന്താണ് ഇത്ര താഴ്ത്തി പറക്കുന്നതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ചോദിക്കുന്നതും അവര്‍ വ്യക്തമായി കേട്ടു. നിങ്ങളല്ലേ എന്നോട് അങ്ങിനെ പറഞ്ഞതെന്ന് വിസ്താരയുടെ ലേഡി പൈലറ്റ് ചോദിക്കുന്നതും കേട്ടു. രണ്ടു വിമാനത്തിലും രണ്ടു സ്ത്രീകളായതിനാല്‍ ആശയവിനിമയത്തില്‍ വന്ന ആശയക്കുഴപ്പമായിരിക്കാം ഇതെന്നാണ് വിലയിരുത്തല്‍.

അനുപമാ കോഹ്‌ലി നോക്കുമ്പോള്‍ വിസ്താര വിമാനം ഇടതുവശത്തുകൂടി അടുക്കുകയാണ്. തന്റെ കോക്പിറ്റില്‍ ഒരു ചുവപ്പ് സിഗ്നല്‍ തെളിയുകയും വിസ്താര വിമാനം തന്റെ ക്രോസിംഗ് ലെവലിലാണ് ഇപ്പോഴെന്ന് ഞെട്ടലോടെ തിരിച്ചറിയുകയും ചെയ്തു. ഒപ്പം തന്നെ വിമാനം ഉയര്‍ത്താന്‍ നിര്‍ദേശം കിട്ടുകയും ചെയ്തു. കോഹ്‌ലി പെട്ടെന്ന് തന്നെ വിമാനം മുകളിലേക്ക് ഉയര്‍ത്തി പറത്തി വിസ്താര വിമാനത്തിന് വലതുവശത്തുകൂടി മാറിപ്പോകാന്‍ അവസരം ഉണ്ടാകുകയും ചെയ്തു.

വിസ്താര വിമാനത്തിലും ഈ സമയത്ത് വനിതാ സഹപൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നത്. ഇതിലെയും പുരുഷ പൈലറ്റ് ശൗചാലയത്തില്‍ പോയിരിക്കുയായിരുന്നു. ഒരു എയര്‍ഹോസ്റ്റസും രണ്ടു ക്രൂ മെമ്പേഴ്‌സും ഈ സമയത്ത് കോക്പിറ്റില്‍ ഉണ്ടായിരുന്നു. ഭാഗ്യത്തിന് എയര്‍ഇന്ത്യ മുകളിലേക്കും വിസ്താര താഴേയ്ക്കും മാറിയതോടെ വിമാനങ്ങള്‍ തമ്മില്‍ 600 അടി മാറി ഇടിക്കാതെ സുരക്ഷിതമായി പറക്കുകയും ചെയ്തു. തക്ക സമയത്തെ അനുപമാ കോഹ്‌ലിയുടെ ധൈര്യത്തെ എയര്‍ഇന്ത്യ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വിസ്താര സംഭവത്തോട് ഇതുവരെ പ്രതികരിച്ചിട്ടുമില്ല.