തിരുവനന്തപുരം വിമാനത്താവളത്തിലാണോ വിമാനമിറങ്ങുന്നത്; നാട്ടിലേക്ക് പുറപ്പെടും മുമ്പ് രണ്ട് ലിറ്റർ മദ്യം വാങ്ങി വെച്ചോളൂ

0

തിരുവനന്തപുരം വിമാനത്താവളത്തിലാണോ വിമാനമിറങ്ങുന്നത്. എങ്കില്‍ നാട്ടിലേക്ക് പുറപ്പെടും മുമ്പ് രണ്ട് ലിറ്റർ മദ്യം  കൂടെ കരുതിക്കോളൂ. കാരണം തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് താഴു വീണു. ഇതോടെ വിദേശത്തു നിന്നും മദ്യം വാങ്ങാതെ നാട്ടിലെത്തി വിമാനത്താവളത്തിൽ നിന്നും മദ്യം വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി.

യൂറോപ്പിൽ നിന്നോ അമേരിക്കയിൽ നിന്നോ നാട്ടിലേക്ക് വരുന്നവർക്ക് ഇടയ്ക്കുള്ള വിമാനത്താവളങ്ങളായ ദോഹ, സിംഗ്പ്പൂർ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മദ്യം വാങ്ങി കൈയിൽ കരുതാൻ സാധിക്കും. അത് ഹാൻഡ് ബാഗിൽ വെക്കാവുന്നതാണ്.വിമാനത്താവളത്തിലെ അറൈവലിലെ പ്ല്സ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിയത് തട്ടിപ്പു നടത്തിയതിനെ തുടർന്നാണ്.

നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കൾക്കായാണ് ഭൂരിപക്ഷം പേരും സ്‌കോച്ചു വാങ്ങാറുള്ളത്. ഈ ആനുകൂല്യമാണ് ഇപ്പോൾ വിമാനത്താവള അധികൃതരുടെ പിടിപ്പുകേടുകൊണ്ട് നഷ്ടമായിരിക്കുന്നത്. യാത്രക്കാരുടെ പാസ്പോർട്ടും മറ്റുരേഖകളും വ്യാജമായി ഉപയോഗിച്ച് വിദേശ മദ്യം പുറത്ത് വിറ്റ് ആറുകോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചതാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യൂട്ടി പെയ്ഡ് ഷോപ്പിന് വിനയായത്. വിമാനത്താവളം വഴി സെപ്റ്റംബർ മുതൽ ഡിസംബർ വരെ കടന്നുപോയ യാത്രക്കാരുടെ വിവരങ്ങൾ അവർ പോലും അറിയാതെ ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു.

സ്ത്രീകളും കുട്ടികളും അടക്കം 13,000 യാത്രക്കാർക്ക് മദ്യം വിറ്റതായാണ് മലേഷ്യൻ കമ്പനിയായ പ്ലസ് മാക്‌സ് കസ്റ്റംസ് പ്രവന്റീവ് കമ്മീഷണറേറ്റിൽ കൈമാറിയ കണക്കിൽ പറഞ്ഞത്. ഈ കണക്കിൽ കളി തോന്നിയതോടെയാണ് കസ്റ്റംസ് തിരിച്ചിൽ നടത്തിയത്. കമ്മീഷണറേറ്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കോടികളുടെ തീരുവ വെട്ടിച്ചതായി കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പ്ലസ് മാക്‌സിന്റെ ലൈസൻസ് റദ്ദാക്കിയത്.രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തുനിന്നു വന്നിറങ്ങുന്ന ഒരു യാത്രക്കാരന് രണ്ട് ലിറ്ററിന്റെ മദ്യം മാത്രമാണ് ഇവിടെനിന്നും വാങ്ങാൻ കഴിയുന്നത്. ഇതിന് നികുതി ഈടാക്കുന്നില്ല. ഇതു മുതലെടുത്ത് യാത്രക്കാരുടെ പേരിൽ മദ്യം ഉയർന്ന വിലയിൽ പുറത്തുകച്ചവടം നടത്തുകയും ഇവർ ചെയ്തിരുന്നു. ഇങ്ങനെ കഴിഞ്ഞ വർഷം ജനുവരി മുതൽ ബില്ലുകളിലും യാത്രാരേഖകളിലും ക്രമക്കേട് നടത്തി നികുതി ഇനത്തിൽ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടാക്കിയത്