കർഷക സംഘടനകളുമായി അമിത് ഷാ നടത്തിയ ചർച്ച പരാജയം

0

ന്യൂഡല്‍ഹി: കര്‍ഷക നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി നടത്തിയ ചര്‍ച്ച പരാജയം. കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ബുധനാഴ്ച നടക്കില്ലെന്ന് അമിത് ഷായുടെ ചര്‍ച്ചയ്ക്കുശേഷം പുറത്തുവന്ന ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള മാധ്യമങ്ങളോട് പറഞ്ഞു. വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ 13 നേതാക്കളുമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയത്.

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടാണ് ചർച്ചയിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇത് അം​ഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ നിലപാട് സ്വീകരിച്ചു. ഇതോടെ തീരുമാനമാകാതെ ചർച്ച പരാജയപ്പെട്ടു.

ഉറപ്പുകള്‍ ബുധനാഴ്ച എഴുതി നല്‍കാമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകളിന്മേല്‍ ചര്‍ച്ച നടത്താന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അമിത് ഷായുടെ വസതിയിലാണ് ആദ്യം ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റി. കൃഷിമന്ത്രാലയത്തിനു കീഴിലെ പുസ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ചർച്ചയുടെ വേദി മാറ്റിയത്. 13 കർഷകനേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തി.

നേരത്തെ ചർച്ചയുടെ വേദി മാറ്റിയതിൽ പ്രതിഷേധിച്ച് ചർച്ച ബഹിഷ്ക്കരിച്ച കർഷക നേതാവ് റോൾദു സിംഗിനെ പോലീസ് സുരക്ഷയോടെ തിരിച്ചെത്തിച്ചു. നാളെ രാവിലെ കേന്ദ്രമന്ത്രിസഭാ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് ദേശവ്യാപകമായി കർഷക സംഘടനകൾ നടത്തിയ ബന്ദ് ശക്തമായിരുന്നു. പൊതുവേ സമാധാനപരമായിരുന്നു പ്രതിഷേധം. കേന്ദ്രസർക്കാരിനെതിരായ ശക്തമായ പ്രതിഷേധം ബന്ദിൽ പ്രതിഫലിച്ചു. എന്നാൽ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിപക്ഷ നേതാക്കളെ ഒന്നൊന്നായി അറസ്റ്റ് ചെയ്തതും വീട്ടുതടങ്കലിലാക്കിയതും വലിയ പ്രതിഷേധത്തിന് കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.