ജമ്മുവില്‍ സേനാക്യാമ്പിനുനേരെ ചാവേറാക്രമണം; നാലുസൈനികര്‍ക്ക് വീരമൃത്യു

0

ജമ്മു: ജമ്മുകശ്മീരിലെ രജൗറി ജില്ലയിൽ പാർഗൽ സൈനികക്യാമ്പിനുനേരെയുണ്ടായ ചാവേർ ഭീകരാക്രമണത്തിൽ നാലുസൈനികർക്ക് വീരമൃത്യു. ക്യാമ്പ് ആക്രമിച്ച രണ്ടു ഭീകരരെയും സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയുണ്ടായ ചാവേറാക്രമണം സുരക്ഷാകേന്ദ്രങ്ങളിൽ ആശങ്കപടർത്തി.

വ്യാഴാഴ്ച പുലർച്ചെയാണ് ജയ്ഷെ മുഹമ്മദ് ഭീകരർ ക്യാമ്പ് ആക്രമിച്ചത്. ക്യാമ്പിനുസമീപം അതിരാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ തടഞ്ഞപ്പോൾ അവർ ഗ്രനേഡ് എറിയുകയായിരുന്നെന്ന് സൈനിക പി.ആർ.ഒ. ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. സൈന്യം ഉടൻതന്നെ പ്രദേശം വളഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിധിച്ചത്. രണ്ടുപേർക്ക്‌ പരിക്കുണ്ട്.

രാജസ്ഥാനിലെ ഝുൻഝുനു സ്വദേശി സുബേദാർ രാജേന്ദ്രപ്രസാദ്, തമിഴ്നാട് മധുര ജില്ലയിലെ ടി. പുതുപ്പട്ടി സ്വദേശി റൈഫിൾമാൻ ഡി. ലക്ഷ്മണൻ, ഹരിയാണയിലെ ഫരീദാബാദ് സ്വദേശി റൈഫിൾമാൻ മനോജ് കുമാർ, നിശാന്ത് മാലിക് എന്നിവരാണ് വീരമൃത്യുവരിച്ചത്. ചാവേറാക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. പുലർച്ചെ രണ്ടോടെയാണ് ആദ്യവെടിശബ്ദം കേട്ടതെന്ന് സമീപവാസികൾ പറഞ്ഞു. ഭീകരർ ക്യാമ്പിനകത്ത് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അത്. ഏറ്റുമുട്ടൽ 6.10 വരെ നീണ്ടു.

2019 ഫെബ്രുവരി 14-ന് പുൽവാമയിൽ 40 സി.ആർ.പി.എഫ്. ഭടന്മാർ വീരമൃത്യുവരിച്ച സംഭവത്തിനുശേഷം ജമ്മുകശ്മീരിൽ ചാവേറാക്രമണം റിപ്പോർട്ടുചെയ്തിരുന്നില്ല. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായി ജമ്മു സോൺ അഡീഷണൽ ജി.ഡി.പി. മുകേഷ് സിങ് പറഞ്ഞു. തിരച്ചിലും ജാഗ്രതയും ശക്തമാക്കി.

ഭീകരാക്രമണത്തെ അപലപിച്ച ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഭീകരപ്രവർത്തനത്തിന് ശക്തമായി തിരിച്ചടിയുണ്ടാവുമെന്ന് മുന്നറിയിപ്പുനൽകി. മരിച്ച സൈനികർക്ക് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും ആദരാഞ്ജലിയർപ്പിച്ചു. സൈനികർക്കെതിരേ നടക്കുന്ന ഭീകരാക്രമണങ്ങളിൽ ആശങ്കയുണ്ടെന്നും ഇത് ഒളിച്ചുവെക്കാനുള്ള സർക്കാർശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ചു.