ജനറൽ ബിപിൻ റാവത്തിന്റെ അവസാന പ്രസംഗവീഡിയോ പുറത്തുവിട്ട് സൈന്യം

0

ന്യൂഡൽഹി: സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കോപ്റ്റർ അപകടത്തിൽ മരിക്കുന്നതിന് മണിക്കൂറുകൾമുമ്പ് നടത്തിയ പൊതുപ്രസംഗം കരസേന പുറത്തുവിട്ടു. ഒരു മിനിറ്റും ഒമ്പത് സെക്കൻഡും മാത്രം ദൈർഘ്യമുള്ള വീഡിയോ 1971-ലെ ബംഗ്ളാദേശ് വിമോചന യുദ്ധത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റേതാണ്.

‘വിജയ് പർവ്’ എന്ന പേരിൽ ഇന്ത്യാ ഗേറ്റിൽ നടന്ന പരിപാടിയിൽ ഈ പ്രസംഗം പൊതുജനത്തെ കേൾപ്പിച്ചിരുന്നു. ഡിസംബർ ഏഴിന് വൈകീട്ടാണ് അദ്ദേഹം പ്രസംഗിച്ചത്. എട്ടിന് ഉച്ചയ്ക്ക് 12.22-ന് കൂനൂരിലാണ് അപകടമരണമുണ്ടായത്.

‘‘നമുക്ക് നമ്മുടെ സൈന്യങ്ങളിൽ അഭിമാനമുണ്ട്, നമുക്ക് ഒരുമിച്ച് വിജയം ആഘോഷിക്കാം’’ എന്നു പറഞ്ഞാണ് റാവത്ത് പ്രസംഗം അവസാനിപ്പിച്ചത്. 71-ലെ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ കഴിവിനെ അദ്ദേഹം പ്രകീർത്തിച്ചു. യുദ്ധത്തിൽ പങ്കാളികളായ എല്ലാവരുടേയും സേവനം ഏറെ ശ്രദ്ധേയമാണെന്നും അവർ ഒരോരുത്തരും ഈ അവസരത്തിൽ ഓർമിക്കപ്പെടുന്നുണ്ടെന്നും ജനറൽ റാവത്ത് പറഞ്ഞു.