മീനുകള്‍ക്ക് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കോസ്മറ്റിക് സര്‍ജറി; സംഗതി സിംഗപ്പൂരില്‍

0

സൗന്ദര്യം കൂട്ടാന്‍ മനുഷ്യര്‍ക്ക്‌ മാത്രമല്ല മീനുകള്‍ക്കും സൗന്ദര്യവര്‍ധനശാസ്ത്രക്രിയകള്‍.കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സംഗതി സിംഗപ്പൂരിലാണ്. സുന്ദരന്‍ മീനിനു ഭംഗി വീണ്ടെടുക്കാന്‍ ഐ ലിഫ്റ്റ്‌, ജോ ലിഫ്റ്റ്‌ സര്‍ജറികള്‍ ഒക്കെ പതിവ് കാഴ്ചയാണ് സിംഗപ്പൂരില്‍ എന്നാണു ഒരു പ്രമുഖ വിദേശമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അലങ്കാര മത്സ്യ വിപണിയില്‍ വിലയേറിയ താരമാണ് ആരോണ മത്സ്യം ഇതില്‍ത്തന്നെ മുന്തിയ ഇനം ഏഷ്യന്‍ റെഡ് അരോണയ്ക്ക് ആണ് സിംഗപ്പൂരിലും ചൈനയിലും ഡിമാന്‍ഡ് ഏറെ.ഇവയുടെ സൌന്ദര്യം വര്‍ധിപ്പിക്കാന്‍  ആണ് ഉടമകള്‍ ഇത്തരം ശാസ്ത്രക്രിയകള്‍ നടത്തുന്നത്. നൂറു ഡോളര്‍ മുതല്‍ പതിനായിരങ്ങള്‍ വരെ മുടക്കിയാല്‍ ഒരു റെഡ് അരോണയെ സ്വന്തമാക്കാം. പക്ഷേ മീനിന്‍റെ സൌന്ദര്യം അനുസരിച്ച് വിലയേറും. മൂന്ന് ലക്ഷം ഡോളര്‍ മുടക്കി വരെ ഇവയെ സ്വന്തമാക്കുന്നവര്‍ ഉണ്ട്.

ലോങ്ങ്‌ യു അഥവാ ഡ്രാഗണ്‍ ഫിഷ്‌ എന്നാണ് റെഡ് അരോണ അറിയപ്പെടുന്നത്. ചുവന്ന നിറത്തില്‍ ചൈനീസ്‌ വിശ്വാസത്തിലെ ഡ്രാഗണെപ്പോലെ നീന്തിക്കളിക്കുന്ന അരോണ അവര്‍ക്ക് ഭാഗ്യ ചിഹ്നമാണ്. തിളക്കമേറിയ ചെതുമ്പലുകളും മനോഹരമായ കൃതാവുകളും ആക്രമണോത്സുകമായ സ്വഭാവവും ചൈനീസ്‌ ഡ്രാഗണിനെ അനുസ്മരിപ്പിക്കുന്നു. ഉടമയ്ക്ക് അപകടങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കാന്‍ ടാങ്കിനുള്ളില്‍ നിന്ന് കുതിച്ചു ചാടി ആത്മത്യാഗം ചെയ്യുന്ന മീന്‍ എന്ന പരിവേഷം ആണ് അരോണയുടെ മാര്‍ക്കറ്റ് ഉയര്‍ത്തിയത്‌. ഇതുകൊണ്ട് തന്നെ അരോണയെ വളര്‍ത്തുമീനുകള്‍ക്കിടയിലെ രാജാവ് എന്നാണു വിശേഷിപ്പിക്കുന്നത്