ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി

0

ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി ഗള്‍ഫ് രാജ്യമായ ബഹ്‌റൈന്‍. ഏകദേശം 80 ബില്ല്യണ്‍ ബാരല്‍ എണ്ണയുടെ ഉറവിടമാണ് കണ്ടെത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശേഖരമാണ് ഇതെന്ന് എണ്ണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അറിയിച്ചു.ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ബഹ്‌റൈന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.

പടിഞ്ഞാറന്‍ തീരത്തെ ഖലിജി അല്‍ ബഹ്‌റൈന്‍ തീരത്തെ കടലിലാണ് 2000 ത്തോളം ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന എണ്ണ നിക്ഷേപം കണ്ടെത്തിയത്. കഴിഞ്ഞ 8 ദശകത്തിനിടെ ബഹ്‌റൈനില്‍ കണ്ടെത്തുന്ന ഏറ്റവും വലിയ എണ്ണ നിക്ഷേപമാണിത്.അതേസമയം, ഇപ്പോള്‍ കണ്ടെത്തിയ ശേഖരത്തില്‍ നിന്ന് എത്രമാത്രം ഇന്ധനം വേര്‍തിരിച്ചു കിട്ടുമെന്നതു സംബന്ധിച്ച് പഠനങ്ങള്‍ നടന്നു വരുന്നതേയുള്ളൂ. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും എണ്ണ ഉത്പാദനം തുടങ്ങാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

ബഹ്‌റൈനിലെ എണ്ണപ്പാടങ്ങളില്‍ നിന്നും നിലവില്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പല മടങ്ങ് ഇവിടെ നിന്നു കിട്ടുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എണ്ണ ശേഖരത്തിനൊപ്പം വന്‍ തോതില്‍ വാതക നിക്ഷേപവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.10 ട്രില്യണ്‍ ക്യുബിക് അടി മുതല്‍ 20 ട്രില്യണ്‍ ക്യുബിക് അടിവരെ പ്രകൃതി വാതക നിക്ഷേപം ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തല്‍.ബഹ്‌റൈന്റെ പ്രധാന വാതക റിസര്‍വോയറിന് താഴെയുള്ള വാതക ശേഖരങ്ങളുടെ കണ്ടെത്തല്‍ 10 മുതൽ 20 ലക്ഷം കോടി ഘന അടി വരെ ആണ്.