എമിറേറ്റ്‌സ് വിമാന അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ബഷീറിനെ തേടി ഭാഗ്യദേവതയെത്തി

0

എമിറേറ്റ്‌സ് വിമാന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട മുഹമ്മദ് ബഷീര്‍ എന്ന 59 കാരനു രണ്ടാംജന്മത്തില്‍ കൈവന്നത് ഇരട്ടിഭാഗ്യം .
വിമാനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട്  ഒരാഴ്ച തികയുംമുമ്പേയാണ് തിരുവന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ പാലവിളവീട്ടില്‍ മുഹമ്മദ് ബഷീറിനെ തേടി  ദുബായ് ഡ്യൂട്ടി ഫ്രീയുടെ ബമ്പര്‍ സമ്മാനത്തിന്റെ രൂപത്തില്‍ ഭാഗ്യദേവതയെത്തിയത്.സമ്മാനതുകയായ പത്തുലക്ഷം ഡോളര്‍ (ഏതാണ്ട് 6.7 കോടി രൂപ) ഇനി ഈ തിരുവനന്തപുരത്തുകാരന് സ്വന്തം.

37 വര്‍ഷമായി ദുബൈയില്‍ കഴിയുന്ന ബഷീര്‍  പതിവായി ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ എടുക്കുന്ന ആളായിരുന്നു  . എന്നെങ്കിലും ഭാഗ്യം തന്നെതേടിവരുമെന്ന പ്രതീക്ഷയില്‍ എല്ലാതവണയും നാട്ടില്‍ പോകുമ്പോള്‍ ബഷീര്‍ ടിക്കറ്റെടുക്കുമായിരുന്നു.  ഇത്തവണ പെരുന്നാള്‍ അവധിക്ക് നാട്ടില്‍പോയപ്പോഴാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യടിക്കറ്റെടുത്തത്.അത് ബഷീറിന്റെ രണ്ടാം ജന്മത്തില്‍ ഭാഗ്യം കൊണ്ട് വരിക തന്നെ ചെയ്തു.
അപകടത്തില്‍പെട്ട വിമാനത്തിന്റെ മധ്യഭാഗത്തായിരുന്നു ബഷീറിന്റെ സീറ്റ്.എമര്‍ജന്‍സി ഡോറിലൂടെ രക്ഷപ്പെടുന്നതിനിടയില്‍ പുക ശ്വസിച്ചുണ്ടായ അസ്വസ്ഥതകളില്‍ നിന്നും രണ്ടു ദിവസത്തിനു ശേഷമാണ് മോചിതനായത്. അപകടത്തിന്റെ ആഘാതം വിട്ടൊഴിഞ്ഞ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുമ്പോഴാണ് ബഷീറിനെ ഞെട്ടിച്ചുകൊണ്ട് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യസന്ദേശമെത്തിയത്.

വിമാനത്തില്‍ ഉണ്ടായിരുന്ന ആരൊക്കെയോ ചെയ്ത നല്ല പ്രവര്‍ത്തികളുടെ ഗുണം കൊണ്ടും ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടുമാണ് താന്‍ അടക്കമുള്ള 300 പേരും രക്ഷപ്പെട്ടതെന്നാണ് അപകടത്തെ കുറിച്ചു ബഷീറിന് പറയാനുള്ളത് .1978ല്‍ ഇന്ത്യാ-പാക് യുദ്ധത്തിനുശേഷം മുംബൈയില്‍നിന്ന് ദുബായിലേക്കുള്ള ആദ്യത്തെ പാക് വിമാനത്തിലെ യാത്രക്കാരനായാണ് തൊഴില്‍തേടി ബഷീര്‍ ദുബായിലെത്തുന്നത്. 1995 മുതല്‍ അല്‍ തായറില്‍ത്തന്നെ ജോലി. ഭാര്യയും രണ്ടുമക്കളും നാട്ടിലാണ് .