ബംഗളൂരു ലഹരിമരുന്നു കേസ്: അന്വേഷണം മലയാള സിനിമ മേഖലയിലേക്കും

0

ബംഗളൂരു ലഹരിമരുന്നു കേസ് അന്വേഷണത്തിന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കൊച്ചി യൂണിറ്റും. പ്രതി മുഹമ്മദ് അനൂപിന്റെ മലയാള സിനിമ ബന്ധങ്ങൾ അന്വേഷിക്കും. സിനിമാ മേഖലയിലെ ഇടപാടുകാരെ കുറിച്ചാണ് അന്വേഷിക്കുക.

റിമാൻഡിൽ കഴിയുന്ന ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി ഡി. അനിഘ (24), ഇവരുടെ കാരിയർമാരായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി റിേജഷ് രവീന്ദ്രൻ (37) എന്നിവരെ ചോദ്യം െചയ്തതിൽനിന്ന് സംഘത്തിന് സിനിമമേഖലയുമായി ബന്ധമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കണ്ടെത്തിയിരുന്നു.

മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനൂപിനെയും ഒപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനെയും കൂടുതൽ ചോദ്യം ചെയ്യും.

ഇന്നലെ അനൂപിന് നടൻ ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ അനൂപിനെ സുഹൃത്തെന്ന നിലയിൽ വർഷങ്ങളായി അറിയാമായിരുന്നുവെന്നും എന്നാൽ മയക്കുമരുന്ന് കച്ചവടത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ബിനീഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

കന്നട സിനിമ മേഖലയെ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണം മലയാള സിനിമ മേഖലയിലേക്കും നീണ്ടേക്കും. അറസ്​റ്റിലായ മുഹമ്മദ് അനൂപിന് മലയാള സിനിമ താരങ്ങളുമായി അടുത്ത ബന്ധമുള്ളതായാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് തെളിയിക്കുന്നത്. അനൂപിെൻറ ബംഗളൂരു കമ്മനഹള്ളിയിലെ ഹോട്ടൽ ആരംഭിക്കാൻ നടൻ ബിനീഷ് കോടിയേരി അടക്കമുള്ള സുഹൃത്തുക്കൾ സാമ്പത്തിക സഹായം നൽകിയതായി അനൂപ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുമുണ്ട്.

ആഗസ്​റ്റ്​ 21ന് ബംഗളൂരു കല്യാൺ നഗറിലെ താമസ്ഥലത്തുനിന്ന് അനൂപ് പിടിയിലായതോടെയാണ് അന്താരാഷ്​ട്ര ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് ബംഗളൂരു പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് റിജേഷും അനിഘയും പിടിയിലായി.

96 എം.ഡി.എം.എ ഗുളികകളും 180 എല്‍.എസ്.ഡി സ്​റ്റാമ്പുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ബിറ്റ്‌കോയിൻ ഇടപാടിലൂെട യു.എസ്.എ, കാനഡ എന്നിവിടങ്ങളിൽനിന്നാണ് സംഘം ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത്. പിടിയിലായ സംഘത്തിന് കന്നട സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി നടനും സംവിധായകനുമായ ഇന്ദ്രജിത് ലേങ്കഷ് രംഗത്തുവന്നിരുന്നു.