ബര്‍മുഡ ട്രയാങ്കിളിന്റ ആഴങ്ങളില്‍ നിന്നും നിഗൂഢതകള്‍ നിറഞ്ഞൊരു ദ്വീപ്‌

0

ലോകത്ത് ഇത്രയധികം സാങ്കേതികവിദ്യകള്‍ ഉണ്ടായിട്ടും ഇന്നും നമ്മുക്ക് മുന്നില്‍ ചുരുളഴിയാതെ കിടക്കുന്ന ചില സംഗതികള്‍ ഉണ്ട്. അതിലൊന്നാണ് ബര്‍മുഡ ട്രയാംഗിള്‍ . ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളുടെ കലവറയാണ്  ഒരു നൂറ്റാണ്ടോളം കടല്‍സഞ്ചാരികള്‍ക്കും വിമാനയാത്രികര്‍ക്കും പേടിസ്വപ്നമായി തുടരുന്ന മരണവും നിഗൂഢതയും ഒന്നിച്ചു ചേര്‍ന്ന ബര്‍മുഡ ട്രയാംഗിള്‍.

വടക്കേ അമേരിക്കയുടെ ഫ്ളോറിഡാ തീരത്തുനിന്ന് തെക്ക് ക്യൂബ, പ്യൂട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മധ്യത്തിലാണ് ട്രയാംഗിള്‍ സ്ഥിതിചെയ്യുന്നത്. 500,000 ച.മൈല്‍ (1294994.06 ച.കി.മി) ആണ് വിസ്തീര്‍ണം. എന്നാല്‍ 305,000 ച.കി.മി ആണ് ഈ സാങ്കല്‍പിക കടലാഴിയുടെ വിസ്തീര്‍ണം എന്ന വാദവുമുണ്ട്. അമേരിക്ക, യൂറോപ്, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ മിക്ക കപ്പല്‍ യാത്രകളും വ്യോമസഞ്ചാരങ്ങളും ബര്‍മുഡയിലൂടെയാണ്. ഓരോ തവണയും ഇതുവഴി യാത്രചെയ്ത വിമാനങ്ങളും കപ്പലുകളും അപകടത്തില്‍പെടുകയോ കാണാാതാവുകയോ ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ ഏറെയുണ്ടായെങ്കിലും നൂറ്റാണ്ടുകളായി ഉത്തരംകിട്ടാത്ത സമസ്യയായി ട്രയാംഗിള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അപകടത്തില്‍പെട്ട/കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ ആളുകളുടെയോ ഒരു ചെറിയ അവശിഷ്ടം പോലും വീണ്ടെടുക്കാന്‍ കഴിയാത്തതാണ് ശാസ്ത്രജ്ഞരെ കുഴക്കുന്നത്.

ബര്‍മുഡ ട്രയാംഗിള്‍ എല്ലാവര്‍ക്കുമറിയാം.  ‘ഡെവിള്‍സ് ട്രയാംഗിള്‍’  എന്നാണ് ഇതിന്റെ വന്യതയെ വിശേഷിപ്പിക്കാന്‍ ശാസ്ത്രം തന്നെ വിളിക്കുന്നത്‌. എന്നാല്‍ ബര്‍മുഡ ട്രയാംഗിള്‍ പോലെ തന്നെ നിഗൂഡതകള്‍ നിറഞ്ഞ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.  നോര്‍ത്ത് കാരൊലിനയിലെ കേപ് പോയിന്റില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ ദ്വീപാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് അവിടെയൊരു മണല്‍ത്തിട്ട രൂപം കൊണ്ടത്. ആദ്യകാലത്ത് പ്രദേശവാസികളും മത്സ്യബന്ധനത്തൊഴിലാളികളും മാത്രം ചെന്നിരുന്ന ഈ ദ്വീപ് കഴിഞ്ഞ ആഴ്ചയാണ് വാർത്തകളിൽ ഇടം നേടിയത്. കാരണം ബര്‍മുഡ ട്രയാംഗിളിന്റ ആഴങ്ങളിൽ നിന്നാണ് ഇത് ഉയർന്നു വന്നിരിക്കുന്നത്.

പ്രദേശവാസികള്‍ സീഷെല്‍ ഐലന്റെന്നാണ് ദ്വീപിനു പേരു നല്‍കിയിരിക്കുന്നത്. അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ദ്വീപില്‍ നിറയെ വിവിധരൂപത്തിലുള്ള കക്കകള്‍ അടിഞ്ഞിരിക്കുന്നതിനാലാണ് ഈ പേരു നല്‍കിയിരിക്കുന്നത്. കേപ് പോയിന്റ് തീരത്തു നിന്ന് ഏകദേശം അരകിലോമീറ്റര്‍ അകലെയാണിത്.അര്‍ദ്ധവൃത്താകൃതിയിലുള്ള ഈ മണല്‍ത്തിട്ടയ്ക്ക് ഏകദേശം ഒന്നര കിലോമീറ്ററോളം നീളവും 400 അടിയോളം വീതിയുമുണ്ട്. ഫെബ്രുവരിയിലാണ് ജലനിരപ്പിനു താഴെയായി മണല്‍പ്പരപ്പ് കണ്ടുതുടങ്ങിയത്. വേലിയേറ്റത്തിന്റെ ഫലമായി രൂപപ്പെട്ടതാണ് ഈ മണല്‍ത്തിട്ട. പിന്നീട് മാര്‍ച്ച് മാസമായതോടെ കൂടുതല്‍ മണല്‍ അടിഞ്ഞ് ജലനിരപ്പിനു മുകളിലായി ദ്വീപ് രൂപപ്പെട്ടു.

ചെറിയ ബോട്ടുകളിലാണ് സഞ്ചാരികള്‍ പുതിയ ദ്വീപിലേക്കെത്തുന്നത്. പുതിയ ദ്വീപിലേക്കുള്ള യാത്ര അപകടമാണെന്ന മുന്നറിയിപ്പ് പ്രാദേശിക ഭരണകൂടം നല്‍കിയിട്ടുമുണ്ട്. ഈ ദ്വീപിലേക്ക് നടന്നുപോകാനോ നീന്തിപ്പോകാനോ ശ്രമിക്കരുതെന്നും ഈ ഭാഗത്ത് അപകടകാരികളായ ധാരാളം സ്രാവുകളും തിരണ്ടികളുമുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്കിളിനുള്ളിലായാണ് ഈ മണല്‍ത്തിട്ട രൂപം കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ചരക്കു കപ്പലുകള്‍ കടന്നുപോകുന്ന ജലപാതയാണിത്. കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ ഒട്ടനവധി കപ്പലുകളും വിമാനങ്ങളും ഈ ഭാഗത്ത് അപ്രത്യക്ഷമായിട്ടുണ്ട്. ഇതിന്റെ രഹസ്യം ഇപ്പോഴും നിഗൂഢമാണെന്നിരിക്കെയാണ് ഇതിനുള്ളില്‍ ദ്വീപിന്റെ കടന്നുവരവ്.