ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ ചർച്ച; മലയാളി പെൺകുട്ടിയെ ചോദ്യം ചെയ്യും

0

ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്ന കേസിൽ പ്രതികളിലാെരാൾ മലയാളി പെൺകുട്ടിയെന്ന് ഡൽഹി പൊലീസ്. കോഴിക്കോട് സ്വദേശിയാണ് പെൺകുട്ടിയെന്നാണ് വിവരം. ഇവരോട് ചോ​ദ്യം ചെയ്യലിന് ഹാജരാവാൻ ഡൽഹി പൊലീസ് സൈബർ സെൽ നിർദ്ദേശിച്ചു. കേസിൽ ആറു പേരെയാണ് ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞത്. കേസിൽ ലക്നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ദില്ലി പൊലീസിനു നോട്ടീസ് നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലക്നൗ സ്വദേശിയായ 18 കാരനാണ് കേസിൽ പ്രധാന പ്രതി എന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മറ്റൊരാളുടെ നിർദ്ദേശ പ്രകാരമാണ് ഓഡിയോ ചാറ്റ് റൂം തുറന്നതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. റൂം തുറന്ന ശേഷം 18 കാരൻ മോഡറേറ്റർ അവകാശം അയാൾക്ക് കൈമാറുകയും ചെയ്തു.

അതിനിടെ സമാനമായ മറ്റൊരു കേസില്‍ മുംബൈ പൊലീസ് മൂന്ന് യുവാക്കളെ ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.