മടങ്ങിവരാന്‍ തയ്യാറാവുന്ന പ്രവാസികളെ നാട്ടിലെത്തിക്കും: യുഎഇ അംബാസിഡര്‍

0

ന്യൂഡല്‍ഹി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ. കോവിഡ് രോഗമില്ലാത്ത പ്രവാസികളെയാണ് നാട്ടിലെത്തിക്കുക. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ മുഹമ്മദ് അൽ ബന്നയാണ് അറിയിച്ചു. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നാണ് അംബാസിഡര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

ഗൾഫിൽ നിന്നും പ്രവാസികളെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഗൾഫിലെ ഇന്ത്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഗൾഫിൽ ഇന്ത്യൻ പ്രവാസികൾ സുരക്ഷിതരാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. യു.എ.ഇ നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്.

അതിനിടെ യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യു.എ.ഇയിലെ ഇന്ത്യക്കാരെ തിരികെയെത്തിച്ച് ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം. മറ്റു വിദേശരാജ്യങ്ങൾ അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം.

വിദേശകാര്യ മന്ത്രിക്കും സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും അനുകൂല തീരുമാനമില്ലെന്നും ദുബായ് കെ.എം.സി.സി കോടതിയെ അറിയിച്ചു. സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും കെ.എം.സി.സി ദുബൈ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ നൽകിയ ഹർജിയിൽ പറയുന്നു.