കോവിഡ് – 19: ഗൾഫിൽ 3 മലയാളികൾ കൂടി മരിച്ചു

0

അബുദാബി ∙ ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്നു മലയാളികൾ കൂടി മരിച്ചു. എറണാകുളം സ്വദേശി വിപിൻ സേവ്യർ (31) ഒമാനിൽവച്ചു മരിച്ചു. റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51) കുവൈത്തിൽ മരിച്ചു. മുബാറകിയയിൽ റസ്റ്ററന്റ് നടത്തുകയായിരുന്നു അഷ്റഫ്. കോവിഡ് സ്ഥിരീകരിച്ച് അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നാദാപുരം കുനിയിൽ സ്വദേശി മജീദ് മൊയ്തു (47) ദുബായിൽ മരിച്ചു. രണ്ടു ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

കോവിഡ് ബാധിച്ച് സൗദിയിൽ പത്തും കുവൈത്തിൽ ആറ് പേരും മരിച്ചു. സൗദിയിൽ 2039 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കുവൈത്തിൽ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 4000 കടന്നു. സൗദിയിൽ പത്തുപേർ കൂടി മരിച്ചതോടെ ആകെ മരണം 283 ആയി. ആകെ രോഗബാധിതരായ 46,869 പേരിൽ 19,051 പേർ രോഗമുക്തി നേടി. കുവൈത്തിൽ മരണം 88 ആയി. 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 11,975 ആയി. 3451 പേർ രോഗമുക്തരായി. ഖത്തറിൽ 24 മണിക്കൂറിനിടെ 1733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 28,272. പതിനാല് പേർ മരിച്ചു. ബഹ്റൈനിൽ 3839 പേരാണ് ഇനി ചികിൽസയിലുള്ളത്. 2220 പേർ രോഗമുക്തി നേടി. പത്തുപേർ മരിച്ചു.

ഒമാനിൽ 31കാരനായ വിദേശി മരിച്ചതോടെ ആകെ മരണസംഖ്യ 18 ആയി. 4341 പേരാണ് ആകെ രോഗബാധിതർ. 1303 പേർ സുഖം പ്രാപിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനെണ്ണായിരം കടന്നു. സൗദി, ഖത്തർ, യുഎഇ എന്നിവിടങ്ങളിലാണ് ഗൾഫിലെ രോഗബാധിതരിലേറെയും.