ഗാംഗുലിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ച് സച്ചിന്‍

1

പഴയകാല ഫോട്ടോകളുടെ കുത്തിപൊക്കലിന്റെ കാലമാണിപ്പോൾ സോഷ്യൽമീഡിയയാകെ… സിനിമാതാരങ്ങൾ ക്രിക്കറ്റ് താരങ്ങൾ തുടങ്ങി സമൂഹത്തിലെ പല പ്രമുഖരും തങ്ങളുടെ ജീവിതത്തിലെ നല്ല ഓർമ്മചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്…അത്തരത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പങ്കുവെച്ച ഒരു ചിത്രമാണിപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്.

സൗരവ് ഗാംഗുലിക്കൊപ്പമുള്ള പഴയ ചിത്രമാണ് സച്ചിൻ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിക്കുന്ന സമയത്ത് ഗാംഗുലിയുടെ വീട് സന്ദർശിച്ച് സച്ചിൻ ഭക്ഷണം കഴിക്കുന്ന ചിത്രമാണിത്. ഗാംഗുലിയുടെ വീട്ടിലെ സ്ത്രീകൾ സച്ചിന് പിന്നിൽ നിൽക്കുന്നതും ചിത്രത്തിൽ കാണാം. സച്ചിനെ നേരിട്ട് കാണാനായതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്തുണ്ട്.

ദാദിയുടെ വീട്ടിൽ ചിലവഴിച്ച രസകരമായൊരു സായാഹ്നം എന്ന അടിക്കുറിപ്പോടെയാണ്‌ സച്ചിൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദാദിയുടെ വീട്ടിൽ ചെലവഴിച്ച രസകരമായ നിമിഷങ്ങൾ. രുചികരമായ ഭക്ഷണത്തിനും സ്നേഹം നിറഞ്ഞ സത്‌കാരത്തിനും ഒരുപാട് നന്ദി. അമ്മ ആരോഗ്യവതിയായിരിക്കുന്നു എന്നു കരുതുന്നു. എന്റെ അന്വേഷണം അവരെ അറിയിക്കുക’ സച്ചിൻ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഗാംഗുലിയെ എല്ലാവരും ദാദ എന്നു വിളിക്കുമ്പോൾ സച്ചിൻ മാത്രം ‘ദാദി’ എന്നാണ് വിളിക്കാറുള്ളത്. ഇത് പലപ്പോഴും അഭിമുഖങ്ങളിൽ സച്ചിൻ തന്നെ പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ജഴ്സിയിൽ കളിക്കുന്നതിന് മുമ്പ് സച്ചിനും ഗാംഗുലിയും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അണ്ടർ-15 ടീമിലായിരുന്നു ഇത്. 176 ഏകദിനങ്ങളിൽ കൂട്ടുകെട്ടുണ്ടാക്കിയ സച്ചിൻ-ഗാംഗുലി ജോഡി 47.55 ബാറ്റിങ് ശരാശരിയിൽ 8227 റൺസ് നേടി. ഏകദിനത്തിൽ ഒരു ബാറ്റിങ് കൂട്ടുകെട്ടും ഇതുവരെ 6000 റൺസിന് മുകളിൽ സ്കോർ ചെയ്തിട്ടില്ല.