അതിക്രൂരം; സ്വത്തിനായി അമ്മയെ കൊന്നു കെട്ടിത്തൂക്കി; ഇസ്മയിലിനെ കൊന്നത് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് അറത്തുമുറിച്ച്

0

കോഴിക്കോട് ∙ അമ്മയെ വാടകക്കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയും തെളിവുനശിപ്പിക്കാനായി വാടകക്കൊലയാളിയെയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. പ്രതിയെ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പണത്തോടുള്ള ആർത്തി. മൂന്നു വർഷം മുൻപ് കോഴിക്കോട് ജില്ലയിലെ രണ്ടു സ്ഥലത്തു നിന്നായി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

മുക്കം വെസ്റ്റ് മണാശേരി സൗപർണികയിൽ ബിർജുവിനെ (53) ആണു ക്രൈം ബ്രാഞ്ച് സംഘം നീലഗിരിയിലെ താമസസ്ഥലത്തു നിന്നു പിടികൂടിയത്. ആദ്യം അമ്മയെ കൊലപ്പെടുത്തി, അമ്മയെ കൊലപ്പെടുത്തുന്നതിനായി തന്നെ സഹായിച്ച ഇസ്മയിലിനെ രണ്ടാമത് കൊലപ്പെടുത്തി. അമ്മയെ കൊലപ്പെടുത്തുന്നതിനായി തന്നെ സഹായിച്ച ഇസ്മയിലിനെ രണ്ടാമത് കൊലപ്പെടുത്തി. കൊലപാതക സഹായിയെ കൊലപ്പെടുത്തിയ കേസുകള്‍ കേരളത്തില്‍ അത്യപൂര്‍വമെന്നാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പറഞ്ഞത്.

ബിർജുവിന്റെ അമ്മ ജയവല്ലിയെ (70) ഇസ്മായിലിന്റെ സഹായത്തോടെ ബിർജു കൊലപ്പെടുത്തിയതാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു. കൊലപാതകത്തിൽ സഹായിച്ചതിനു 10 ലക്ഷം രൂപ ഇസ്മായിലിനു നൽകാമെന്നു ബിർജു വാഗ്ദാനം ചെയ്തിരുന്നു.

പ്രതിഫലത്തിനായി ഇസ്മായിൽ പലതവണ ശല്യം ചെയ്യുകയും കൊലപാതകവിവരങ്ങൾ പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ബിർജു വീട്ടിലേക്കു വിളിച്ചുവരുത്തി കൊല്ലുകയിരുന്നു. കയർ കഴുത്തിൽ മുറുക്കി കൊന്നശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു ചാക്കിലാക്കി.

അമ്മയെ കൊലപ്പെടുത്തിയ അതേ കട്ടിലില്‍ കിടത്തിയാണ് ഇസ്മയിലിനേയും വകവരുത്തിയത്. കൊലപാതകത്തിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ വീടും പറമ്പും വിറ്റ് ബിര്‍ജു തമിഴ്നാട്ടിലേക്ക് കടന്നു. കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ വരെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. രാവിലെ എന്‍ഐടിക്ക് സമീപത്തെ കടകളിലെത്തി പ്ലാസ്റ്റിക് ചാക്കുകളും സര്‍ജിക്കല്‍ ബ്ലേഡുകളുളും വാങ്ങി. വീട്ടിലെത്തി ഇസ്മയിലിന്റെ മൃതദേഹം നിരവധി കഷ്ണങ്ങളായി വെട്ടിനുറുക്കി. കാട്ടുപന്നികളെ വേട്ടയാടി കൊന്ന് പരിചയമുള്ളതിനാലാണ് മൃതദേഹം അറുക്കുതില്‍ ബിർജുവിന് ബുദ്ധിമുട്ട് തോന്നാതിരുന്നത്. കൈകളും തലയും ഛേദിച്ച് ഒരു പ്ലാസ്റ്റിക് ചാക്കിലും, കാലുകള്‍ മറ്റൊരു ചാക്കിലും, ഉടല്‍ മാത്രം മറ്റൊരു ചാക്കിലും രക്തവും ശേഷിക്കുന്ന അവശിഷ്ടങ്ങളും മറ്റൊരു ചാക്കിലും കെട്ടിവെച്ചു. വെട്ടിമുറിക്കുമ്പോള്‍ രക്തം ചീറ്റാതിരിക്കാന്‍ മൃതശശരീരം രാവിലെ വരെ ഫ്രീസ് ചെയ്തു. എന്നിട്ടും രക്തം ചിന്തിയെന്ന് ബിര്‍ജു പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് സ്വന്തം ബൈക്കിലാണ് ഓരോ ചാക്കുകളായി കടപ്പുറത്ത് ഉപേക്ഷിച്ചത്. ചാലിയാറിലാണ് കൈകള്‍ ഉപേക്ഷിച്ചത്. ചാലിയത്ത് നിന്നാണ് ഇത് കിട്ടിയത്.

ശരീരമുള്ള ചാക്ക് കോഴിമാലിന്യം ഇടുന്ന ബീച്ചിലെ ഭാഗത്താണ് നിക്ഷേപിച്ചത്. ബീച്ചില്‍ കോഴിമാലിന്യം നിക്ഷേപിച്ച സ്ഥലത്ത് നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ കൂട്ടായ്മ ഈ ഭാഗം വൃത്തിയാക്കുന്നതിനിടെയാണ് വലിയ ചാക്കില്‍ മനുഷ്യന്റേതെന്ന് തോന്നുന്ന ശരീരം കണ്ടത്. ഇത് പോലീസിനെ അറിയിക്കുകയായിരുന്നു.

ശരീരഭാഗങ്ങളെല്ലാം ഒരാളുടേത് ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധനയിൽ നിന്നാണു മരിച്ചതു ഇസ്മായിൽ ആണെന്ന നിഗമനത്തിലെത്തിയത്.