തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

0

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മമദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി നിരവധി നടന്മാര്‍ മലയാളത്തില്‍ താരങ്ങളായത് ഡെന്നീസ് ജോസഫിന്റെ സിനിമകളിലൂടെയാണ്. നിറക്കൂട്ടും ന്യൂഡല്‍ഹിയും മമ്മൂട്ടിയുടെ കരിയറില്‍ ബ്രേക്കായിരുന്നെങ്കില്‍ രാജാവിന്റെ മകനും മനു അങ്കിളും മോഹന്‍ലാലിനെ താരപദവിയിലെത്തിച്ചു.

വാണിജ്യ സിനിമയുടെ നട്ടെല്ലായി അറിയപ്പെടുന്ന തിരക്കഥാകൃത്തുമാണ് അദ്ദേഹം. കോട്ടയം ഏറ്റുമാനൂരില്‍ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകനായി 1957 ല്‍ ജനിച്ചു. നടന്‍ ജോസ് പ്രകാശിന്റെ ബന്ധുവായിരുന്നു. ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.