2018-ൽ ദേവലോകത്ത് എത്താം

0

ഇന്ത്യയിലെ ആദ്യ ആത്മീയ തീം പാർക്കായ ‘ദേവലോകം’ ലോകപ്രസിദ്ധ ക്ഷേത്ര നഗരമായ തിരുപ്പതിയുടെ മലയടിവാരത്തിൽ ഒരുങ്ങുകയാണ്. ഒരു ദിവസം ഏകദേശം 75,000 പേർ ദർശനത്തിനെത്തുന്ന തിരുപ്പതിയേക്കാൾ ‘ആത്മീയ ടൂറിസത്തിന്’ മികച്ചൊരിടം ഇല്ലെന്ന തിരിച്ചറിവിലാണ് 750 കോടി രൂപ മുതൽ മുടക്കിൽ വൈഷ്ണവി വെർസറ്റൈൽ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആന്ധ്രപ്രദേശ് വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ഈ ആത്മീയ പാർക്കിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ പുരാണങ്ങളുടെ യൂണിവേഴ്‌സൽ സ്റ്റുഡിയോ ആകും ദേവലോകം എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. ഇന്ത്യൻ പുരാണങ്ങൾക്ക് ഒരു തീം പാർക്കിലൂടെ അതാതു ഭാഷകളിൽ ജീവൻ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പൗരാണികതയോടൊപ്പം സാങ്കേതികത കൂടിച്ചേരുമ്പോൾ അത് സന്ദർശകർക്ക് ആത്മീയതയുടെ ഉണർവും ആവേശവും പ്രദാനം ചെയ്യുമെന്നും അങ്ങനെ ഈ തീം പാർക്ക് ആത്മീയതയുടെ പുതിയ കേന്ദ്രം കൂടിയാകുമെന്നും ഇവർ പറയുന്നു. 2018 ദസറയോടെ പാർക്ക് ‘ഭക്തർക്കും’ സന്ദർശകർക്കും തുറന്നു കൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ.