ഒരൊറ്റ ക്ലിക്ക് കൊണ്ട് ജീവിതം മാറിമറിഞ്ഞു; നീലക്കണ്ണുള്ള ഈ പാക് ചായക്കടക്കാരന്‍ ഇനി സൂപ്പര്‍ മോഡല്‍

0

ഒരൊറ്റ നിമിഷം മതി ചിലപ്പോള്‍ ഒരാളുടെ ജീവിതം മാറിമറിയാന്‍ എന്ന് പറയാറുണ്ട്‌ .അത് സത്യമാണെന്ന് ബോധ്യമാകും ഈ പാകിസ്താന്കാരന്‍  ‘ചായ വാല’യുടെ കഥ കേട്ടാല്‍ .നീലക്കണ്ണുകള്‍, സൂപ്പര്‍ മോഡലുകളെ വെല്ലുന്ന മുഖഭാവം. പാകിസ്ഥാനിലെ ഈ സുന്ദരന്‍  ‘ചായ വാല’യുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ജാവേരിയ ‘ജിയ’ അലി എന്ന ഫോട്ടോഗ്രാഫറാണ്, ചായക്കടക്കാരന്റെ മനോഹരമായ ഫോട്ടോ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ജിയ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ചായക്കടക്കാരന്റെ സൗന്ദര്യം ട്വിറ്ററില്‍ പല ആവര്‍ത്തി റീട്വീറ്റ് ചെയ്യപ്പെട്ടു. #ChaiWala എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും കറങ്ങുകയാണ് നീലക്കണ്ണുള്ള ചായക്കടക്കാരന്റെ ചിത്രം.

അര്‍ഷാദ് ഖാന്‍ എന്നാണ് ഈ കക്ഷിയുടെ പേര് .ഇസ്ലാമാബാദിലെ സുന്ദര്‍ ബസാറില്‍ ചായക്കട നടത്തുന്നയാളാണ് അര്‍ഷാദ്. വയസ്സ് പതിനെട്ട്. സ്വദേശം മര്‍ദാന്‍. 25 വര്‍ഷമായി ഇദേഹത്തിന്റെ കുടുംബം ഇസ്ലാമാബാദില്‍ ആണ് താമസം. മുമ്പ് പഴപച്ചകറി  വില്‍പ്പനയായിരുന്നു ഇയാള്‍ക്ക് ജോലി. മൂന്ന് മാസം മുമ്പാണ് ചായവില്‍പ്പന ആരംഭിച്ചത്.ഇപ്പോള്‍ കക്ഷിക്ക് മോഡലിംഗ് രണ്ടുത്തു നിന്നും നിരവധി ഓഫറുകള്‍ ആണ് ലഭിക്കുന്നത് .ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡ് ഫിറ്റിന്‍ ഡോട്ട് പികെയാണ് അര്‍ഷാദുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ചായക്കടക്കാരന്‍ ഇനി മുതല്‍ ചായക്കടക്കാരന്‍ മാത്രമല്ല, ഫാഷന്‍ക്കാരനുമാണെന്നാണ് കരാറിനെ കുറിച്ച് കമ്പനിയുടെ പ്രതികരണം.

‘എല്ലാവര്‍ക്കും നന്ദി’ എന്നുമാത്രമാണ് ലോകപ്രശസ്തനായതില്‍ അര്‍ഷാദിന് പറയാനുള്ളത്.ചായക്കടക്കാരന്‍ എന്ന് വിളിക്കുന്നതില്‍ തനിക്ക് ഒരു പരിഭവമില്ലെന്നും ഇദ്ദേഹം പറയുന്നു .എന്തായാലും ഭാഗ്യദേവത കക്ഷിയുടെ പടിവാതിലില്‍ വന്നു നില്‍ക്കുകയാണ് .