കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതദേഹം മുതലക്ക്; ഇത് കൊലയാളി ഡോക്ടർ

0

കൊടും ക്രൂരമായി നിരവധി പേരെ കൊന്ന ശേഷം പരോളിലിറങ്ങി മുങ്ങിയ ഉത്തർപ്രദേശ് സ്വദേശിയായ ആയുർവേദ ഡോക്ടറെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പരോളിലിറങ്ങിയ മുങ്ങിയ അലിഗഡ് സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ദേവേന്ദ്ര ശര്‍മയുടെ കൊടുംക്രൂരതളാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.

ട്രക്ക് ഡ്രൈവര്‍മാരെ കൊന്ന ശേഷം അവരുടെ മൃതദേഹം മുതലകള്‍ക്ക് കൊടുക്കുകയാണ്, ‘ഡോ. ഡെത്ത്’ എന്നറിയപ്പെടുന്ന ദേവേന്ദ്ര (62) യുടെ ക്രൂര വിനോദം. ഇങ്ങനെ നൂറോളം പേരാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇതുവരെ ഇരയായത്.കഴിഞ്ഞ ദിവസം ബപ്റോളയിൽ അറിസ്റ്റിലായ ആയുർവേദ ഡോക്ടറെ കാത്ത് ദേശീയ തലസ്ഥാന മേഖല കേന്ദ്രീകരിച്ചുള്ള വൃക്കത്തട്ടിപ്പ് കേസുമുണ്ട്. ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

ഡൽഹി, യുപി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായി നൂറിലേറെ കൊലപാതകങ്ങളിൽ ഇയാൾക്കു പങ്കുണ്ടെന്നാണു പൊലീസ് നൽകുന്ന വിവരം. എന്നാൽ പല കേസുകളിലും ഇയാൾക്കുള്ള പങ്കുതെളിയുക്കുന്ന രേഖകൾ പോലീസിനു ലഭിക്കാത്തതിനാൽ കേസുകൾ റജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല.

ബിഹാറിവെ സിവാനിൽ നിന്ന് ബിഎഎംഎസ് ബിരുദം നേടിയ ഇയാൾ 1984 ൽ ജയ്പൂരിൽ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. ഇത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെയാണ് പല തട്ടിപ്പുകളും നടത്തിയത്. 1992 ൽ ഗ്യാസ് ഡീലർഷിപ് സ്വന്തമാക്കാൻ മുടക്കിയ 11 ലക്ഷം ദേവേന്ദ്രയ്ക്ക് നഷ്ടമായി. ഇതിന് പിന്നാലെ 1995ൽ ഇയാൾ സ്വന്തമായി ഒരു ഗ്യാസ് ഏജൻസി തന്നെ തുടങ്ങി. നഷ്ടപ്പെട്ട പതിനൊന്ന് ലക്ഷം അതേ മാർഗത്തിലൂടെ തിരിച്ചു പിടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ആദ്യ കൊലപാതകം അരങ്ങേറിയത്. ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഡ്രൈവറെ കൊലപ്പെടുത്തി സിലിണ്ടറുകൾ തട്ടിയെടുത്തു. ഇത് പിന്നീട് തുടർന്നു. ഇത്തരത്തിൽ അൻപതോളം കൊലപാതകം ഇയാൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

1994 ൽ ജയ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കിഡ്‌നി തട്ടിപ്പ് സംഘത്തിനൊപ്പവും ഇയാൾ പ്രവർത്തിച്ചിരുന്നു. സംഘാംഗങ്ങളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തി. ഗുരുദ്രാം, ബല്ലഭ്ഗഡ് തുടങ്ങിയ പല സ്ഥലത്തും ഈ സംഘത്തിന് ബന്ധങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേവേന്ദ്ര 2004 ൽ അറസ്റ്റിലായി. 1994 മുതൽ 2004 വരെയുള്ള കാലയളവിൽ 125 അനധികൃത വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് കൂട്ടു നിന്നിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ഓരോ ഇടപാടിലും അഞ്ച് മുതൽ ഏഴ് ലക്ഷം വരെ സ്വന്തമാക്കി. 2001ൽ വീണ്ടും വ്യാജ ഗ്യാസ് ഏജൻസി തുടങ്ങിയെങ്കിലും പിടിക്കപ്പെട്ടു. തുടർന്ന് 2003ൽ ജയ്പൂരിൽ എത്തി വീണ്ടും ക്ലിനിക്ക് തുടങ്ങി. ഇതിനിടെയാണ് ടാക്‌സി ഡ്രൈവർമാരെ കൊല്ലുന്നതും മൃതദേഹം മുതലയ്ക്ക് ഇട്ടുകൊടുക്കുന്നതും.

കൊലപാതകക്കേസിൽ ജയ്പുർ സെൻട്രൽ ജയിലിൽ കഴിയവേയാണു ജനുവരിയിൽ 20 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയത്. 16 വർഷത്തിനു ശേഷം പുറത്തിറങ്ങിയ ഇയാൾ ആദ്യം ഇയാളുടെ ഗ്രാമത്തിലും മാർച്ചിൽ ഡൽഹിയിലും എത്തുകയായിരുന്നു. ‘മോഹൻ ഗാർഡനിലെ വാടക വീട്ടിലാണ് ഇയാൾ ആദ്യം താമസിച്ചിരുന്നത്.

തുടർന്നു വിധവയായ സ്ത്രീയെ വിവാഹം കഴിച്ച് ഇയാൾ ബാപ്റോളയിലേക്കു മാറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്’ഡൽഹി ക്രൈംബ്രാഞ്ച് ഡിസിപി രാകേഷ് പവേരിയ പറഞ്ഞു. ദേവേന്ദർ ശർമ്മയുടെ അകന്ന ബന്ധുവായ വിധവയായ സ്ത്രീയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഇയാൾ ഡൽഹിയിലെത്തിയതെന്നും ഇവർക്ക് ഇയാളുടെ കുറ്റകൃതങ്ങളുടെ വിവരങ്ങളെല്ലാം അറിയാമായിരുന്നെന്നും പൊലീസ് പറയുന്നു.

ഡൽഹി പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ദേവേന്ദർ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളെല്ലാം വെളിപ്പെടുത്തിയെന്നും കൊലപാതക സംഭവങ്ങളുടെ വിവരങ്ങളെല്ലാം പറഞ്ഞുവെന്നും പൊലീസ് പറയുന്നു. 2002–04 സമയത്ത് ഒട്ടേറെ കൊലപാതക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇയാൾ അറസ്റ്റിലായിരുന്നെങ്കിലും 7 കേസുകളിൽ മാത്രമാണ് കുറ്റം തെളിയിക്കാൻ സാധിച്ചത്. ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നതോടെ ഭാര്യയും കുട്ടികളും ബന്ധം ഉപേക്ഷിച്ചു. 50 കൊലപാതകങ്ങൾക്കു ശേഷം എണ്ണുന്നത് അവസാനിപ്പിച്ചുവെന്നും അതിനാൽ ഇതുവരെ എത്ര കൊലപാതകങ്ങൾ നടത്തിയെന്ന് ഓർക്കുന്നില്ലെന്നുമാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി.