ബീഫ് വിഷയത്തിന്‍റെ ചുവടുപിടിച്ച് ട്വിറ്ററില്‍ ‘ദ്രാവിഡനാട്’ ട്രെന്‍ഡ്

0

എന്താണ് ദ്രാവിഡനാട് ? ഒരുപക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ പലരും ഏറ്റവും കൂടുതല്‍ അന്വേഷിച്ചത് ഇതിനെക്കുറിച്ചായിരിക്കും.ബീഫ് വിഷയവും ദ്രാവിഡനാട് ആശയവും തമ്മില്‍ ബന്ധപ്പെടുത്തിയതോടെ ട്വിറ്ററില്‍ അതൊരു ട്രെന്‍ഡ് ആയിക്കഴിഞ്ഞിരിക്കുന്നു. ദ്രാവിഡ സംസ്ഥാനങ്ങള്‍ ഒരുമിച്ച് ഒരു രാജ്യം എന്ന മുദ്രാവാക്യത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. എന്നാല്‍ ദേശസ്‌നേഹികളായി ദേശീയവാദികള്‍ അതിനെ എന്നും എതിര്‍ത്തുപോന്നിരുന്നു. ക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ ‘ദ്രാവിഡനാട്’ എന്ന പഴയ മുദ്രാവാക്യത്തിന് വീണ്ടും ശക്തി പകര്‍ന്നിരിക്കുകയാണ്.

നോര്‍ത്ത് ഇന്ത്യയിലെ ആര്യവിഭാഗക്കാരില്‍ നിന്നും വേറിട്ട് മറ്റൊരു രാജ്യം എന്ന ആവശ്യത്തില്‍ ഊന്നിയാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്.തമിഴകത്തെ നവോത്ഥാന നായകനായ പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍ ആയിരുന്നു ദ്രാവിഡ നാട് എന്ന ആശയത്തിന് പിന്നില്‍. പെരിയോരുടെ ശിഷ്യനായ അണ്ണാദുരൈയും അദ്ദേഹത്തിന്റെ ഡിഎംകെയും ഏറെ നാള്‍ ഇതിന് വേണ്ടി വാദിച്ചു. ഒടുവില്‍ ഡിഎംകെ ഇതില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ആശയം മുന്നോട്ട് വച്ചതെങ്കിലും ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഈ ആവശ്യത്തിനൊപ്പം ചേര്‍ന്നു. ശ്രീലങ്ക, ഒഡീഷ, മഹാരാഷ്ട എന്നിവിടങ്ങളിലെ ദ്രാവിഡ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളും പരിഗണിക്കപ്പെട്ടു.

ബിജെ.പി നേതാക്കള്‍ ഇതിനോട് നേരിട്ട് പ്രതികരണമൊന്നും നടത്തിയിട്ടില്ല.കോണ്‍ഗ്രസ് എംപി ശശി തരൂരും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.’ഈ വാക്കുകള്‍ സത്യമായിരിക്കാം. എങ്കിലും ഞാന്‍ എന്റെ തെന്നിന്ത്യരോട് ആവശ്യപ്പെടുന്നത്. ദ്രാവിഡനാട് എന്ന ദേശവിരുദ്ധ വാദങ്ങളെ പ്രോത്സാഹിപ്പിക്കരുത് . നമുക്ക് ഇന്ത്യയെ മെച്ചപ്പെടുത്താം.’എന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്.

മാര്‍ക്‌സിസ്റ്റാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന കോമ്രേഡ് നമ്പ്യാര്‍ എന്ന പ്രൊഫൈലില്‍ നിന്നുമാണ് ഈ ഹാഷ്ടാഗ് പ്രചരിച്ചിരിക്കുന്നത് എന്നത്‌ കൌതുകകരമാണ്. കാരണം എല്ലാക്കാലത്തും ഇടതുപക്ഷം വിഭജനത്തെ എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. ശ്രീലങ്കയിലെ തമിഴ് വിഭജന മുന്നേറ്റത്തെ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്നു. ശ്രീലങ്കയില്‍ ആഭ്യന്തര കലാപം ശക്തമായിരുന്ന 2006-2009 കാലഘട്ടത്തിലും സിപിഎം ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ഏകീകൃത രാജ്യമായി നിന്ന് രാഷ്ട്രീയ പരിഹാരം കാണണമെന്നായിരുന്നു അവരുടെ നിലപാട്. ജമ്മു കാശ്മീരിലെ സ്വതന്ത്ര വാദത്തെയും സിപിഎം എതിര്‍ക്കുകയാണ് ചെയ്തത്.അതുകൊണ്ട് കേരള സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് പിന്തുണ നല്‍കുമെന്ന് കരുതേണ്ടതില്ല.

എന്നാലിപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം, ദ്രാവിഡനാട് എന്ന ആശയത്തിനു കൂടിയാണ് പുതുജീവൻ നൽകിയിരിക്കുന്നത്. ട്വിറ്ററില്‍ പിന്തുണയും എതിര്‍പ്പുകളും വരുന്നുണ്ടെങ്കിലും ദ്രാവിഡനാട് എന്ന ഹാഷ് ടാഗ് വൈറലായിരിക്കുകയാണ്.മലയാളികള്‍ പൊതുവേ കൂടുതലായി ദേശീയബോധമുള്ളവരും ,ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരുമാണ്.അതുകൊണ്ട് ഈ ആശയത്തിന് പിന്തുണ നല്‍കുന്ന മലയാളികളുടെ എണ്ണം സൈബര്‍ ലോകത്തില്‍ വളരെ കുറവാണ്.ഹിന്ദിയുടെ കടന്നുകയറ്റത്തെ  മിക്ക തെക്കന്‍ സംസ്ഥാനങ്ങളും എതിര്‍ക്കുമ്പോള്‍ കേരളത്തിലെ സ്കൂളുകളില്‍ നിര്‍ബന്ധിതമായി 5 മുതല്‍ ഹിന്ദി ഒരു വിഷയമായി പഠിപ്പിക്കുന്നത്‌ കേരളത്തിന്‍റെ നയമാണ്.അതുകൊണ്ട് ഇന്ത്യ എന്ന ആശയത്തോട് കൂടെ നിന്ന് ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള നടപടിയാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നതെന്നാണ് ഇപ്പോഴത്തെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.