സച്ചിന്‍റെ ജീവിത കഥ സിനിമയാക്കിയപ്പോള്‍ സച്ചിന്‍ വാങ്ങിയ പ്രതിഫലം എത്ര ?

0

സച്ചിന്‍റെ ജീവിത കഥ സിനിമയാക്കിയ ‘സച്ചിൻ: എ ബില്യൺ ഡ്രീംസ്’ സിനിമയ്ക്ക് ക്രിക്കറ്റ് ഇതിഹാസം വാങ്ങിയ പ്രതിഫലം എത്രയാണ്?..പലരും പലവട്ടം ചോദിച്ച ചോദ്യമാണിത്.

‘സച്ചിന്‍: എ ബില്യണ്‍  ഡ്രീംസ്’  തീയേറ്ററുകളില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം മൂന്നു ദിനങ്ങള്‍ക്കകം 27  കോടി രൂപയാണ് ബോക്സോഫീസിൽ വാരിക്കൂട്ടിയത്. ചിത്രത്തിനായി ചിലവാക്കിയ പണത്തിന്റെ കണക്കു ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഈ ചിത്രത്തിന് 40 കോടി രൂപയോടടുപ്പിച്ചു വാങ്ങിയെന്നാണ് പുറത്തു വരുന്ന വിവരം.

ചില ബോളിവുഡ് പ്രസിദ്ധീകരണങ്ങൾ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് സച്ചിൻ 40 കോടി രൂപയോളം പ്രതിഫലം ചിത്രത്തിനായി വാങ്ങിയെന്നാണ് പറയുന്നത്. ബാഹുബലിക്കായി പ്രഭാസ് വാങ്ങിയ പ്രതിഫലത്തേക്കാൾ അധികമാണിത്. 25 കോടി രൂപയാണ് പ്രഭാസ് ബാഹുബലിക്ക് വേണ്ടി വാങ്ങിയത്.

അതേസമയം, സച്ചിൻ കൂറ്റൻ പ്രതിഫലം വാങ്ങിയെന്നത് അദ്ദേഹത്തിന്‍റെ വക്താവ് തന്നെ തിരുത്തി. പ്രചരിക്കുന്ന വാർത്തകൾ നുണയാണെന്നും ടെണ്ടുൽക്കറുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി ആയതുകൊണ്ടുമാത്രമാണ് ഇതിന് സമ്മതം മൂളിയതെന്നും അദ്ദേഹം പറഞ്ഞു. ഡോക്യു-ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ബ്രിട്ടീഷ് സംവിധായകനായ ജെയിംസ് എര്‍സ്‌കിന്‍ ആണ്.