പതുക്കെ വളരൂ, നീയെന്നും കുഞ്ഞായിരിക്കൂ; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദുൽഖർ

0

നടൻ ദുൽഖർ സൽമാന്‍റെ മകൾ മറിയം അമീറ സൽമാൻ സോഷ്യൽമീഡിയയിലെ സ്റ്റാറാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇന്ന് മറിയത്തിന്റെ മൂന്നാം പിറന്നാളാണ്.

മകൾക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഹൃദയ സ്പർശിയായ കുറിപ്പാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ദുൽഖറിന്റെ കുറിപ്പ് വായിക്കാം

‘ഞാൻ വലിയ കുട്ടിയായി എന്ന് നീ പറയുമ്പോഴെല്ലാം നിന്റെ പ്രായം അഭിനയിച്ച് കാണിക്കാൻ ഞങ്ങൾ എല്ലാവരും തയാറായി നിന്നിരുന്നു. നീ ശരിയായിരിക്കാം. നീ വളരെ വേഗം വളരുകയാണ്. ഇപ്പോൾ നീ മുഴുവൻ വാചകങ്ങൾ സംസാരിക്കാറായി. മൂന്നു വയസ്സുള്ള നീ ഒരു വലിയ കുട്ടിയായിരിക്കുന്നു. രാജകുമാരിയെ പോലെ വേഷം ധരിച്ച്, സ്വന്തമായി കളികൾ കണ്ടെത്തി, ഞങ്ങൾക്ക് കഥകൾ പറഞ്ഞു തന്ന് നീയൊരു വലിയ പെണ്ണായിരിക്കുന്നു.

നീ തനിയെ ഓടുന്നു, നടക്കുന്നു, ചാടാൻ പഠിച്ചിരിക്കുന്നു. നീയൊരു വലിയ പെണ്ണായിരിക്കുന്നു. ഒന്ന് പതുക്കെ, പ്രിയപ്പെട്ട മേരി. നീ കുഞ്ഞായിരിക്ക്, ഞങ്ങൾ നിന്നെ ആദ്യം കണ്ടത് പോലെ, നിന്നെ കോരിയെടുത്ത് നിന്റെ കരച്ചിലുകൾ ആദ്യം കേട്ടത് പോലെ, മാലാഖയെ ആദ്യമായി കാണാൻ ഏവരും തടിച്ചു കൂടിയ ആ ദിനത്തിലെന്ന പോലെ. ഞങ്ങൾക്ക് ആ കുഞ്ഞിനെ കണ്ടു കൊതിതീർന്നില്ല, നീ അങ്ങനെ തന്നെയിരിക്ക്. നീ വളർന്നു എന്ന് ലോകം പറഞ്ഞാലും എന്നെന്നും നീ ഞങ്ങൾക്ക് കുഞ്ഞാണ്. പതുക്കെ വളരൂ, നീയെന്നും കുഞ്ഞായിരിക്കൂ’. ദുൽഖർ കവിത പോലെ കുറിച്ചിരിക്കുന്നു. മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. നിനക്കായ് പപ്പ കവിത എഴുതാൻ ശ്രമിച്ചു എന്ന് അർഥം വരുന്ന ഹാഷ്ടാഗോടു കൂടിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

2017 മെയ് അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ലായിരുന്നു ഇരുവരുടെയും വിവാഹം.