ഐ ഫോര്‍ ഇന്ത്യ; പാട്ടു പാടി കൊറോണ ഫണ്ടിനായി മൂന്ന് കോടി രൂപ സമാഹരിച്ച് ബോളിവുഡ് താരങ്ങള്‍

0

ലൈവില്‍ പാട്ടു പാടി കൊറോണ ഫണ്ടിനായി മൂന്ന് കോടി രൂപ സമാഹരിച്ച് ബോളിവുഡ് താരങ്ങള്‍. കൊറോണ വൈറസ് പ്രതിരോധത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഐ ഫോര്‍ ഇന്ത്യ എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈവ് പെര്‍ഫോമന്‍സുമായാണ് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ആമിര്‍ഖാനും ഭാര്യ കിരണ്‍ റാവുവും ചേര്‍ന്നാണ് ഇത്തരമൊരു ആശയത്തിന് രൂപം കൊടുത്തത്. സമൂഹ മാധ്യമത്തിലൂടെയുള്ള ലൈവ് കൺസെർട്ടില്‍ സിനിമ, സംഗീത, കായിക മേഖലയിലുള്ള താരങ്ങള്‌ പങ്കെടുത്തു.

ലോകത്തിന്റെ പല കോണിലിരുന്ന് സൂപ്പർ താരങ്ങൾ ഒന്നിച്ചു പാടി.. കോവിഡിനെ തോൽപ്പിക്കാൻ. ലൈവില്‍ ഷാരൂഖും മകന്‍ അബ്‌റാമും ഒരു റാപ് ഗാനവുമായാണ് എത്തിയത്. മാധുരി ദീക്ഷിത് മകന്‍ അരിനുമൊത്ത് ഈദ് ഷരാനിന്റെ പെര്‍ഫെക്ട് ടുഗതര്‍ എന്ന ഗാനം പാടി. ആലിയ ഭട്ട് സഹോദരി ഷഹീനിനൊപ്പം ലൈവില്‍ പങ്കെടുത്തിരുന്നു. ഫര്‍ഹാന്‍ അക്തര്‍, ടൈഗര്‍ ഷറഫ് തുടങ്ങിയവരും പങ്കു ചേര്‍ന്നിരുന്നു.

പ്രിയങ്ക ചോപ്ര ജോനാസ്, കരീന കപൂര്‍ ഖാന്‍, വിദ്യാ ബാലന്‍, ശബാന ആസ്മി, ഐശ്വര്യ റായ് ബച്ചന്‍, അര്‍ജുന്‍ കപൂര്‍, സെയ്ഫ് അലി ഖാന്‍, റാണി മുഖര്‍ജി, ദുല്‍ഖര്‍ സല്‍മാന്‍, കത്രിന കെയ്ഫ്, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ്മ, ആയുഷ്മാന്‍ ഖുരാന, എ ആര്‍ റഹ്മാന്‍, ജാവേദ് അക്തര്‍, ശങ്കര്‍ എഹ്‌സാന്‍ ലോയ്, സോനു നിഗം, അര്‍ജിത് സിങ്, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സാനിയ മിര്‍സ തുടങ്ങിയവരും ഐ ഫോര്‍ ഇന്ത്യയുടെ ഭാഗമായി. ഹോളിവുഡ് സൂപ്പർ സ്റ്റാർ വിൽ സ്മിത്തും ഐ ഫോർ ഇന്ത്യയുടെ ഭാഗമായി.