നിര്‍ത്തിയിട്ട ബസ്സില്‍ ട്രക്കിടിച്ചു: റോഡരികില്‍ കിടന്നുറങ്ങിയ 18 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

0

ലഖ്നൗ: നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് ബസ്സിന് മുന്നില്‍ റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.

ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.

ഹരിയാണയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയി. യാത്ര മുടങ്ങിയതിനെതുടര്‍ന്ന് തൊഴിലാളികള്‍ ബസ്സില്‍ നിന്നിറങ്ങി റോഡരികില്‍ കിടന്നുറങ്ങുകയായിരുന്നു.

ഈ വഴി അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസ്സിന് പിറകില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ ബസ്സ് തൊഴിലാളികളുടെ ദേഹത്തുകൂടി കയറിയിറങ്ങി.  

തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സത്യ നാരായണ്‍ സാബത്ത് അറിയിച്ചു. ബസ്സിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുളള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.