അസം- മിസോറം ശത്രുരാജ്യങ്ങളോ?

0

ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തിയിലെ രണ്ട് സംസ്ഥാനങ്ങളായ അസമിൽ നിന്നും മിസോറമിൽ നിന്നും വരുന്ന വാർത്തകൾ സന്തോഷദായകങ്ങളല്ല. അതിർത്തിയെ ചൊല്ലിയുള്ള തർക്കങ്ങൾ ഈ മേഖലയെ അസ്വസ്ഥമാക്കുന്നുണ്ട്. നിലനിൽക്കുന്ന തർക്കങ്ങൾ വളരെയധികം വർഷങ്ങൾ പഴക്കമുള്ളതാണ്. മുൻപ് അസമിലെ ജില്ലയായിരുന്ന മിസോറം സംസ്ഥാനമായപ്പോൾ തന്നെ ഈ രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കവും ആരംഭിച്ചിരുന്നു. മിസോ ജനത സ്വന്തം സംസ്ഥാനത്തിൻ്റെ അതിർത്തിയായി പരിഗണിച്ചിരുന്ന സ്ഥലം അംഗീകരിക്കാൻ അസം ഒരിക്കലും തയ്യാറായിരുന്നില്ല. ഈ സംസ്ഥാനങ്ങൾ തമ്മിൽ 164.4 കി.മി. അതിർത്തിയാണുള്ളത്. ഇന്ന് ഈ അതിർത്തി തർക്കം രൂക്ഷമായി പരസ്പരം ശത്രുരാജ്യങ്ങളെ പോലെ പോരാട്ടം നടത്തുന്ന അവസ്ഥയിൽ എത്തിച്ചേർന്നിരിക്കയാണ്.

അസമിൻ്റെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ വ്യക്തമാക്കിയിട്ടുണ്ട്. ഈ തർക്കം സമാധാനപരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. മനോഹരമായ ഈ ഭൂപ്രദേശങ്ങൾ അസ്വസ്ഥതയുടെ വിളഭൂമിയായി മാറിത്തീരരുത്. ഭാരതം എന്ന മഹത്തായ സങ്കൽപത്തിന് അത് വിനാശകരമായിത്തീരും.

ഈ രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ സൗഹാർദ്ദം വളർത്താൻ ആവശ്യമായ ഇടപെടലുകൾ കേന്ദ്ര സർക്കാറിൻ്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ശാശ്വത സമാധാനം കൈവരിക്കാനുള്ള മാർഗ്ഗം അത് മാത്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും ഫോണിൽ വിളിച്ചു സമാധാനം നിലനിർത്താനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നത് ആശാവഹമായ കാര്യമാണ്. നമ്മുടെ അതിർത്തി പ്രദേശങ്ങൾ അസ്വസ്ഥ ബാധിത പ്രദേശങ്ങളായി മാറിത്തീരരുത്. സംസ്ഥാനങ്ങൾ ശത്രു രാജ്യങ്ങളല്ല, സഹോദരങ്ങളാണെന്നബോദ്ധ്യം ഉറപ്പ് വരുത്തേണ്ടത് ഭരണാധികാരികൾ തന്നെയാണ്.