കേരളത്തിലേക്ക് പ്രത്യേക എമിറേറ്റ്‌സ് സർവീസ്

0

ദുബായ് : കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ അഞ്ചിടങ്ങളിലേക്ക് എമിറേറ്റ്‌സ് എയർലൈൻസ് പ്രത്യേക വിമാനസർവീസുകൾ നടത്തുന്നു. ഓഗസ്റ്റ് 20 മുതൽ 31 വരെയാണ് പ്രത്യേക സർവീസുകൾ.

ഓഗസ്റ്റ് 20, 22, 24, 27, 29, 31 എന്നീ ദിവസങ്ങളിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കും തിരികെ ദുബായിലേക്ക് ഓഗസ്റ്റ് 21, 23, 25, 28, 30, സെപ്റ്റംബർ ഒന്ന് തീയതികളിലുമായിരിക്കും സർവീസ്. തിരുവനന്തപുരത്തേക്ക് ഓഗസ്റ്റ് 26-നും തിരികെ ദുബായിലേക്ക് 27-നും സർവീസ് നടത്തും.

ദുബായിൽനിന്ന് ബെംഗളൂരുവിലേക്ക് ഓഗസ്റ്റ് 21, 23, 25, 28, 30 തീയതികളിൽ സർവീസുണ്ടാകും. ദുബായിൽനിന്ന് ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ഓഗസ്റ്റ് 31 വരെ ദിവസേന സർവീസുകൾ ഉണ്ടാകും. യാത്രചെയ്യാനാഗ്രഹിക്കുന്നവർ എമിറേറ്റ്‌സ് വെബ്‌സൈറ്റ് വഴിയോ ട്രാവൽ ഏജന്റുമാർ മുഖേനയോ ടിക്കറ്റുകൾ ബുക്കുചെയ്യാം.

എല്ലാ കോവിഡ് സുരക്ഷാ മുന്നൊരുക്കങ്ങളും യാത്രക്കാർ പാലിച്ചിരിക്കണം. ദുബായ് നിവാസികൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) അനുമതിയും, മറ്റ് എമിറേറ്റിലെ താമസക്കാർക്ക് ഐ.സി.എ. അംഗീകാരവും നേടിയിരിക്കണം. യു.എ.ഇ.യിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് യാത്രചെയ്യാൻ അവസരം.