ഭർതൃ വീട്ടിലേക്ക് പോകാനിറങ്ങവേ നിർത്താതെ കരച്ചിൽ; നവവധു ഹൃദയാഘാതം മൂലം മരിച്ചു

0

ഭുവനേശ്വർ: വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് പോകാനിറങ്ങിയ നവവധു ഹൃദയാഘാതം മൂലം മരിച്ചു. വിവാഹശേഷം ഭർതൃവീട്ടിലേക്ക് യാത്രയാകുന്ന ബിദായ് ചടങ്ങിനിടെ നിർത്താതെ കരഞ്ഞതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. അമിത സങ്കടം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്. ഒഡീഷയിലെ സോനേപുർ സ്വദേശിനി ഗുപ്തേശ്വരി സഹു എന്ന റോസിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ബിസികേസൻ തെതെലഗാവ് സ്വദേശിയായ യുവാവുമായി റോസിയുടെ വിവാഹം നടന്നത്. കല്ല്യാണത്തിന് ശേഷം ഭർതൃവീട്ടിലേക്ക് പോകുന്ന ചടങ്ങിൽ എല്ലാവരോടും യാത്ര ചോദിക്കവെ യുവതി നിർത്താതെ കരയുകയായിരുന്നു. കരഞ്ഞു തളർന്ന് ഒടുവിൽ കുഴഞ്ഞു വീഴുകയായിരുന്നു. മുഖത്ത് വെള്ളം തളിച്ചും കൈയും കാലും തിരുമ്മിയും ബന്ധുക്കൾ യുവതിയെ ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ബന്ധുക്കൾ റോസിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ അവിടെയെത്തിയപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് റോസിയുടെ പിതാവ് മരണപ്പെട്ടത്. അതിനു ശേഷം യുവതി ആകെ തകര്‍ന്ന അവസ്ഥിലായിരുന്നു എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ. അമ്മാവന്‍റെ കുടുംബവും ചില സാമൂഹിക പ്രവർത്തകരും ചേർന്നായിരുന്നു റോസിയുടെ കല്യാണം സംഘടിപ്പിച്ചത്.