കരാർ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് നാടുകളിലേക്ക് മടങ്ങാം: സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

0

സൗദിയില്‍ തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ സൗദി അറേബ്യ പ്രത്യേക യാത്രാ സൌകര്യമൊരുക്കുന്നുവെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഇതിനായി എല്ലാ രാജ്യങ്ങളിലേക്കും യാത്രാ സൌകര്യം ഒരുക്കും. ഫൈനല്‍ എക്സിറ്റ് ലഭിച്ചവര്‍ക്കും നല്‍കാന്‍ ഉദ്ദേശിക്കുന്നവരേയും കമ്പനികൾക്ക് ഇതുവഴി നാട്ടിലേക്കയക്കാം. ഇതിനായി രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം.

കൊവിഡ് 19 പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകർ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ ബദൽ മർഗങ്ങൾ ആലോചിക്കാനും നടപടികൾ കൈക്കൊള്ളാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തൊഴില്‍ കരാറുകള്‍ അവസാനിച്ചതിനാല്‍ നിരവധി വിദേശികള്‍ അവരുടെ നാടുകളിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടുവരുന്നുണ്ട്.

മാനുഷിക പരിഗണന മുന്‍ നിർത്തി ആവശ്യമായ മുകരുതലുകള്‍ സ്വീകരിച്ചായിരിക്കും സൗദിയില്‍ നിന്ന് അവരുടെ നാടുകളിലേക്ക് അയക്കുക. നിലവിൽ ഫൈനൽ എക്സിറ്റ് വിസ കൈവശമുള്ളവർക്കും പോകാൻ വഴിയൊരുക്കും.

അപേക്ഷ നല്‍കാനുള്ള നടപടി ക്രമങ്ങൾ

  1. ഫൈനല്‍ എക്സിറ്റ് താല്‍പര്യമുള്ള തൊഴിലാളികളെ നാട്ടിലേക്ക് എക്സിറ്റില്‍ അയക്കാന്‍ 14 ദിവസത്തിനുള്ളിലാണ് അപേക്ഷ നല്‍കേണ്ടത്. രണ്ടാമത്തെ അപേക്ഷ 14 ദിവസം കഴിഞ്ഞേ നല്‍കാന്‍ സാധിക്കൂ. ഒരു അപേക്ഷയില്‍ തന്നെ എത്ര ജീവനക്കാരുടെ ഫൈനല്‍ എക്സിറ്റ് യാത്രാ അപേക്ഷ വേണമെങ്കിലും നല്‍കാം.
  2. പാസ്പോര്‍ട്ടിലുള്ള പ്രകാരമാണ് ഇതിനായുള്ള തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അപേക്ഷ പൂരിപ്പിക്കേണ്ടത്.
  3. അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയാണ്. ഫൈനല്‍ എക്സിറ്റ് കരസ്ഥമാക്കിയതിന്റെ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയതിന്റെ രേഖ, കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചയിച്ച തിയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത ടിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടത്.
  4. രോഗലക്ഷണങ്ങളാല്‍ യാത്ര മുടങ്ങിയാല്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കണം. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാ സംവിധാനവും കമ്പനി തയ്യാറാക്കണം. ‌
  5. അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുളളില്‍ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. അപേക്ഷ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും.

അടിയന്തിര സാഹചര്യങ്ങളില്‍ ഫൈനല്‍ എക്സിറ്റ് നേടിയ തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനൊപ്പം, തൊഴിലാളികളുമായി ലേബര്‍ കോണ്‍ട്രാക്ട് തീര്‍ന്ന കമ്പനികള്‍ക്കും നിലവില്‍ പ്രയാസം അനുഭവിക്കുന്ന കമ്പനികള്‍ക്കും തൊഴിലാളികളെ തിരിച്ചയക്കാന്‍ പുതിയ സംവിധാനം സഹായിക്കും. മാനുഷിക പരിഗണനയും കന്പനികളുടെ താല്‍പര്യവും പരിഗണിച്ചാണ് തൊഴില്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലെ പദ്ധതി.