അബുദാബിയിൽ 3 പെട്രോളിയം ടാങ്കറുകളിൽ സ്ഫോടനം: ഇന്ത്യക്കാരുൾപ്പെടെ 3 പേർ മരിച്ചു

1

അബുദാബി: അബുദാബിയിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ പൗരനുമാണ് മരിച്ചത്. മുസഫ ഐകാഡ് സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ 3 പെട്രോൾ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ നിർമാണ കേന്ദ്രത്തിനു സമീപവും തീപിടിത്തമുണ്ടായെന്നാണു റിപ്പോർട്ട്.

ഐകാഡ് മൂന്നിൽ രാവിലെയായിരുന്നു സംഭവം. അഡ്നോക് സംഭരണ ടാങ്കുകൾക്കു സമീപമുണ്ടായ തീപിടിത്തത്തെ തുടർന്ന് ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് സ്ഥിരീകരിച്ചു. അഗ്നിശമനസേന സംഭവസ്ഥലത്തെത്തി തീയണച്ചു.

ഡ്രോൺ വിഭാഗത്തിൽപ്പെടുന്ന ചെറിയ പറക്കുന്ന വസ്തുക്കളാവാം സ്ഫോടനത്തിന് കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് യുഎഇ വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.