മരണമെത്തുന്ന നേരത്തും നീ ഭയപെടരുത് മകളെ…പിഞ്ചുമകളെ മരണത്തിനൊരുക്കുന്ന ഒരച്ഛന്‍

0

അതീവ ഗുരുതര രോഗ ബാധിതയായ മകളെ മരണത്തിനൊരുക്കി ഒരച്ഛൻ. തന്‍റെ പൊന്നോമനയെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ അച്ഛനെ ഇത്തരത്തിൽ ചിന്തിപ്പിച്ചത്. ചങ്കു പറിയുന്ന വേദനയിലും സ്വന്തം മകള്‍ക്കായി കുഴിമാടം വെട്ടിയൊരുക്കി ദിവസേന അവിടെ അൽപനേരം അവള്‍ക്കൊപ്പം ചെലവിടുകയാണ് ഈ അച്ഛൻ. സിച്യുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഷാങ് ലിയോങ് എന്ന മനുഷ്യനാണ് നീറി നീറി ദിവസമെണ്ണിക്കഴിയുന്നത്.

മകള്‍ക്കൊപ്പം കിടന്ന് അവളെ താരാട്ടു പാടി ഉറക്കാന്‍ ശ്രമിക്കുന്ന ഷാങിന്റെ ദൃശ്യം ഹൃദയഭേദകമാണ്. അന്ത്യവിശ്രമം കൊള്ളേണ്ട സ്ഥലവുമായി കുട്ടിയെ പൊരുത്തപ്പെടുത്തി മരണസമയത്ത് അവള്‍ക്കു ഭയമൊന്നും തോന്നാതിരിക്കാനാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് ഷാങ് പറയുന്നത്. സിന്‍ലേയി എന്ന രണ്ടുവയസുകാരിക്ക് ജനിച്ചു രണ്ടു മാസത്തിനുള്ളിലാണ് അതിഗുരുതരമായ തലസീമിയ എന്ന രക്തസംബന്ധമായ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ഒരു ലക്ഷം യുവാനിലധികം തുക സിന്‍ലേയിയുടെ ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ചു. ഇപ്പോള്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിയാതെ വലയുകയാണ് ഷാങ്. പലരില്‍നിന്നും പണം കടം വാങ്ങിയാണ് ചികിത്സാച്ചെലവു കണ്ടെത്തിയിരുന്നത്.

ഇപ്പോൾ അവൾക്ക് രണ്ടു വയസായി. എന്നാൽ ഇപ്പോള്‍ ഷാങിന് കുഞ്ഞിന്‍റെ ചികിത്സക്കായി പണം കണ്ടെത്താന്‍ കഴിയുന്നില്ല. പലരില്‍ നിന്നും പണം കടം വാങ്ങിയാണ് ചികിത്സാച്ചെലവ് കഴിച്ചിരുന്നത്. അതൊന്നും തിരിച്ചു കൊടുക്കാനായിട്ടില്ല, അതിനാല്‍ ഇപ്പോള്‍ പലരും പണം നൽകുന്നില്ലെന്നും ഷാങ് വ്യക്തമാക്കി.

ഇതിനിടെ സിന്‍ലേയിയെ രക്ഷിക്കാന്‍ പൊക്കിള്‍ക്കൊടിയിലെ രക്തത്തിന് സാധിക്കുമെന്ന് അറിഞ്ഞതിനാൽ രണ്ടാമത് ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍ ഷാങും ഭാര്യയും ധാരണയിലായി. എന്നാല്‍ അത്തരം ചികിത്സക്കും ലക്ഷക്കണക്കിനു യുവാനോളം ആവശ്യമായി വരും എന്നറിഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നിരിക്കുകയാണ് ഈ കുടുംബം. പണം കണ്ടെത്താന്‍ യാതൊരു വഴിയുമില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ഷാങ് തന്‍റെ ഹൃദയത്തിന് കരുത്ത് പകര്‍ന്ന് ഇങ്ങനെ ഒരു തീരമാനത്തിലെത്തിയത്. തങ്ങളുടെ പൊന്നോമനക്കായി ഭയവും വേദനയുമില്ലാത്ത മരണം ഒരുക്കാന്‍ മാത്രമേ തങ്ങൾക്ക് കഴിയുള്ളൂ എന്നും അതിനായി തങ്ങൾക്ക് ഇതു മാത്രമേ ചെയ്യാനാകൂ എന്നും ആ മാതാപിതാക്കൾ നിറമിഴിയോടെ പറയുന്നു.