സിംഗപ്പൂർ ,ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഫെഡറൽ ബാങ്കിന് ഓഫീസുകൾ വരുന്നു

0

മുംബൈ: കേരളത്തിൽ നിന്നുള്ള സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന് ബഹ്റൈൻ, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഓഫീസ് തുറക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി.നിലവിൽ സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യ , ഇന്ത്യൻ ബാങ്ക് , ഇന്ത്യൻ ഓവർസീസ് ബാങ്ക് , യൂക്കോ ബാങ്ക് ,ഐസിഐസിഐ എന്നീ ഇന്ത്യൻ ബാങ്കുകൾ സിംഗപ്പൂരിൽ പ്രവർത്തിക്കുന്നുണ്ട് .പ്രാദേശിക ക്ലിയറൻസ് കൂടി ലഭിച്ചാൽ മാത്രമെ ഓഫീസ് ആരംഭിക്കാൻ കഴിയുകയുള്ളൂ എന്നാണ് ഔദ്യോഗിക വിവരങ്ങൾ. അതിനായി കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

കൊച്ചി ആസ്ഥാനമായ ബാങ്കിന് അബുദാബി, ദുബായ് എന്നിവിടങ്ങിളിൽ നിലവിൽ ഓഫീസുകൾ ഉണ്ട്. ഇത് വ്യാപിപ്പിക്കാനാണ് ബാങ്കിന്റെ തീരുമാനം. നീരവ് മോദി കുംഭകോണത്തിനു പിന്നാലെ പല ബാങ്കുകളും വിദേശ സാന്നിദ്ധ്യം കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഫെഡറൽ ബാങ്ക് വിദേശ സാന്നിദ്ധ്യം വർധിപ്പിക്കുന്നത്.

കുവൈറ്റ്, ബഹ്റിൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഓഫീസ് ആരംഭിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ആരംഭിക്കാൻ പോകുന്ന സ്ഥലങ്ങളിലെ പ്രാദേശിക അനുമതി ആവശ്യമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഫെഡറൽ ബാങ്ക് എംഡി ശ്യാം ശ്രീനിവാസൻ പിടിഐയോട് പറഞ്ഞു.

അതേസമയം പ്രാദേശിക അനുമതി എപ്പോൾ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പ്രാദേശിക അനുമതി നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നീരവ് മോദിയുമായി ബന്ധപ്പെട്ട അഴിമതിക്ക് പിന്നാലെ വിദേശ സാന്നിദ്ധ്യം കുറയ്ക്കാൻ ദേശസാത്കൃത ബാങ്കുകളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വകാര്യ ബാങ്കുകൾക്ക് ഇത് ബാധകമായിരുന്നില്ല.

ആഭ്യന്തരമായി ഫെഡറൽ ബാങ്കിന് അതിന്റെ സാന്നിധ്യം വർധിപ്പിക്കാനുള്ള പദ്ധതികളൊന്നും തന്നെയില്ലെന്നും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ സഹായിക്കുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യയിലാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തനാക്കുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.