അമ്മയുടെ ബാല്യം! – മുരളി തുമ്മാരുകുടി

0

മുൻപ് പറഞ്ഞിട്ടുള്ള കഥയാണ്. പക്ഷെ ഹെയ്തിയിലെ ദുരന്തത്തിന്റെ നടുക്ക് അത് ഒരിക്കൽ കൂടി ഓർക്കാൻ അവസരം ഉണ്ടായി.
മക്കളുടെ കാര്യങ്ങളെല്ലാം അമ്മമാർ ശ്രദ്ധിക്കുമെങ്കിലും
അമ്മമാരുടെ കാര്യങ്ങൾ മക്കൾ അത്ര ശ്രദ്ധിക്കാറില്ല. ഉദാഹരണത്തിന് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് അമ്മമാർക്ക് അറിയാമെങ്കിലും അമ്മമാരുടെ ഇഷ്ടഭക്ഷണം ഏതെന്ന് നാം സാധാരണ അന്വേഷിക്കാറില്ല എന്നത് ദുഃഖകരമായ സത്യമാണ്.
എന്റെ അമ്മ അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു എന്നെനിക്ക് അറിയാമായിരുന്നു. പക്ഷെ എന്തുകൊണ്ടാണ് അമ്മ ചെറുപ്പത്തിലേ തന്നെ പഠിത്തം നിർത്തിയത് എന്ന് ഞാൻ ഒരിക്കലും അന്വേഷിച്ചിരുന്നില്ല. അമ്മയുടെ ചേട്ടൻ പത്താം ക്ലാസ് പാസ്സായ ആളാണ്. അപ്പോൾ അടുത്ത് സ്‌കൂൾ ഇല്ലാത്തതോ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയാത്തതോ ഒന്നുമല്ല കാരണം. അപ്പോൾ പിന്ന എന്താണ് അമ്മ മാത്രം അഞ്ചാം ക്ലാസ്സിനപ്പുറം പഠിക്കാതിരുന്നത്?
അമ്മ പഠിക്കാൻ മോശമായിരുന്നിരിക്കാൻ ഒരു വഴിയുമില്ല എന്നെനിക്കറിയാം. കാരണം ഈ എൺപത്തിനാലാം വയസ്സിലും അമ്മ എന്നും പത്രം വായിക്കും. കേരള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തൊട്ട് മറ്റുള്ള സമകാലിക പ്രശ്നങ്ങൾ എല്ലാം അമ്മ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളെ പറ്റിയും അമ്മക്ക് കൃത്യമായ അഭിപ്രായം ഉണ്ട്. പറ്റുന്പോഴൊക്കെ മറ്റ് പുസ്തകങ്ങളും മാസികയുമൊക്കെ വായിക്കും. യുക്തി ഭദ്രമായി സ്വന്തം ഭാഗം വാദിക്കുന്ന കാര്യത്തിൽ അമ്മയാണെന്റെ റോൾ മോഡൽ. അപ്പോൾ പഠിക്കാൻ അവസരം കിട്ടിയിരുന്നുവെങ്കിൽ തീർച്ചയായും അമ്മ നല്ലൊരു അധ്യാപികയോ വക്കീലോ ഒക്കെയായി ശോഭിച്ചേനെ!
എന്തിനാണ് അമ്മ അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തിയത് എന്ന്
കഴിഞ്ഞ വർഷമാണ് ഞാൻ അമ്മയോട് ചോദിച്ചത്. അമ്മയുടെ ഉത്തരം എന്നെ വല്ലാതെ സങ്കടപ്പെടുത്തി.
തുമ്മാരുകുടിയിലെ കിണറിന് സ്ഥാനം കണ്ടത് വീട്ടിൽ നിന്നും
ഏതാണ്ട് അൻപത് മീറ്റർ അകലെ വീടിന്റെ നിരപ്പിൽ നിന്നും ഏറെ താഴെയാണ്. വീട്ടിലെ ആവശ്യത്തിനുള്ള വെള്ളം മുഴുവൻ കോരി എത്തിക്കുന്ന ജോലി പത്താം വയസ്സിലേ അമ്മയുടെ തലയിൽ എത്തി (അക്ഷരാർത്ഥത്തിൽ തന്നെ). ആറേഴ് മക്കളും അതിലിരട്ടി പണിക്കാരും പിന്നെ പശുവും കാളയും ഒക്കെയുള്ള വീട്ടിലേക്ക് ആവശ്യമുള്ള വെള്ളം കോരിയെത്തിക്കുക എന്നത് മുഴുദിന ജോലിയാണ്. പഠനം അവിടെ അവസാനിച്ചു.
കൊടുങ്കാറ്റിൽ തകർന്ന ഹെയ്തിയിലെ വിവിധ പ്രദേശങ്ങളിൽ ആയിരുന്നു ഒരാഴ്ചയായി. അതിനിടയിൽ ആണ് പത്തു വയസ്സ് പോലും ആകാത്ത ഒരു പെൺകുട്ടി തലയിൽ വെള്ളവും ചുമന്ന് പോകുന്ന കാഴ്‌ച കണ്ടത്. ബുധനാഴ്ചയാണ്, ഉച്ച സമയവും. ഈ പ്രായത്തിലുള്ള കുട്ടികൾ ആ സമയത്ത് സ്‌കൂളിൽ ആയിരിക്കേണ്ടതാണ്. ആ കൊച്ചു കുട്ടിയിൽ എന്റെ അമ്മയുടെ ബാല്യം ഞാൻ കണ്ടു.
ഇതൊരു ഒറ്റപ്പെട്ട കഥയല്ല. ലോകത്തെ അനവധി പെൺകുട്ടികൾ പഠനം അവസാനിപ്പിക്കുന്നത് വീട്ടിലേക്ക് വെള്ളമോ വിറകോ ഒക്കെ ശേഖരിക്കാൻ വേണ്ടിയാണ്. വീട്ടിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടെങ്കിൽ സാമ്പത്തിക ഭദ്രത ഇല്ലെങ്കിൽ ഇപ്പോഴും സ്‌കൂളിൽ പോകാൻ അവസരം നിഷേധിക്കപ്പെടുന്നത് പെൺകുട്ടികൾക്ക് തന്നെയാണ്, പഠിക്കാൻ അവർ കൂടുതൽ മിടുക്കർ ആണെങ്കിൽ കൂടി. പെൺകുട്ടികൾക്ക് തുല്യ അവസരം നിഷേധിക്കപ്പെടുമ്പോൾ നഷ്ടം വരുന്നത് സമൂഹത്തിന് മൊത്തം ആണ്.
എല്ലാ കുട്ടികൾക്കും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, അവർ ലോകത്ത് എവിടെ ആണെങ്കിലും, അവർക്ക് ഇഷ്ടമുള്ള കാലത്തോളം പഠിക്കാൻ അവസരം കിട്ടുന്ന ലോകം ആണെന്റെ സ്വപ്നം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.