ന്യൂയോർക്ക് പൊലീസിന്‍റെ തലപ്പത്തും ഇനി മലയാളി

1

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ പൊലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്‍റിൽ ഡെപ്യൂട്ടി ഇൻസ്പെക്റ്ററാകുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളിയായ ക്യാപ്റ്റൻ ലിജു പി. തോട്ടം. വ്യാഴാഴ്ച പൊലീസ് അക്കാഡമിയിൽ നടന്ന ചടങ്ങിലാണു ലിജു ചുമതലയേറ്റത്. ലിജുവിന്‌ പുറമെ ഓഫിസർ സോണി വർഗീസ് ഡിറ്റക്റ്റിവായും സാർജന്‍റ് നിതിൻ എബ്രഹാം ലുട്ടനന്‍റായും സ്ഥാനമേറ്റു.

ന്യു യോർക്ക് സിറ്റിയിൽ ആദ്യ ഇന്ത്യൻ പൊലീസ് ഓഫിസർ, സാർജന്‍റ്, ലുട്ടനന്‍റ്, ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലെത്തിയത് സ്റ്റാൻലി ജോർജ് ആണ്. പിന്നാലെ ലിജു തോട്ടവും ക്യാപ്റ്റനായി. ഇപ്പോൾ ഡെപ്യുട്ടി ഇൻസ്പെക്റ്ററും. കോട്ടയം കിടങ്ങൂർ തോട്ടം ഫിലിപ്പിന്‍റെ മകനാണ് ലിജു.

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ പതിമൂന്നാം വയസിലാണു ലിജു യുഎസിലെത്തുന്നത്. എയ്‌റോനോട്ടിക്കൽ എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്തെങ്കിലും വ്യോമയാന മേഖലയില്‍ അധികം നാള്‍ ജോലി ചെയ്തില്ല. 1996ൽ ന്യൂയോര്‍ക്ക് പൊലിസില്‍ ഓഫിസറായി തുടക്കം. സ്‌റ്റോണിബ്രൂക്ക് ഹോസ്പിറ്റലില്‍ നേഴ്‌സ് പ്രാക്റ്റിഷണറായ ഡോ. സ്മിതയാണ് ലിജുവിന്‍റെ ഭാര്യ. അലീന, ആഞ്ജലീന, ലിയാന എന്നിവരാണ് മക്കള്‍. പിതാവ് ഫിലിപ്പ് തോട്ടം മൂന്നു വര്ഷം മുൻപ് നിര്യാതനായി. അമ്മ മേരി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്യാതയായി. സഹോദരൻ ലിംബർട്ട്.