ലാന്‍ഡിങ് ചെയ്യാനൊരുങ്ങുമ്പോള്‍ ശക്തമായ കാറ്റില്‍ വിമാനത്തിന്റെ മുന്‍വശം മുകളിലേക്കുയര്‍ന്നു; വിമാനം അതിസാഹസികമായി മുകളിലേക്ക് പറത്തി പൈലറ്റിന്റെ സാഹസം; വീഡിയോ

0

ഡുബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റ്യാന്‍എയര്‍ ജെറ്റ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിന്റെ വീഡിയോ വൈറല്‍.  വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ നിലം തൊടുന്നതിന് മുമ്പ് ശക്തമായ കാറ്റില്‍ മുന്‍വശം മുകളിലേക്കുയരുകയായിരുന്നു. തുടര്‍ന്ന് അപകടം മണത്തറിഞ്ഞ പൈലറ്റ് ലാന്‍ഡിങ് വേണ്ടെന്ന തീരുമാനമെടുത്ത് വിമാനം അതിസാഹസികമായി മുകളിലേക്ക് പറത്തി അപകടം ഒഴിവാക്കി.

ഇത്തരത്തില്‍ വന്‍ കൊടുങ്കാറ്റില്‍ പെട്ട റ്യാന്‍എയര്‍ വിമാനം അപകടത്തില്‍ നിന്നും രക്ഷപ്പെടുന്ന വീഡിയോ ഏവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ബ്രസല്‍സില്‍ നിന്നും വന്ന വിമാനമാണ് ഇത്തരത്തില്‍ പ്രതിസന്ധിലായത്.

ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടില്‍ ഓറഞ്ച് വാണിങ് പുറപ്പെടുവിച്ചിരുന്നു. കാറ്റ് വിതച്ച നാശനഷ്ടത്തെ തുടര്‍ന്ന് ഇവിടെ രണ്ടരലക്ഷത്തോളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം ഇല്ലാതായിരുന്നു. റ്യാന്‍ എയര്‍ വിമാനം റണ്‍വേയില്‍ തൊട്ട് തൊട്ടില്ലെന്ന മട്ടില്‍ പറക്കുമ്പോഴായിരുന്നു വിമാനത്തിന്റെ മുന്‍വശം കടുത്ത കാറ്റ് കാരണം മുകളിലേക്കുയര്‍ന്നത്. തുടര്‍ന്ന് വിമാനം മുകളിലേക്ക് തന്നെ കുതിച്ചുയരുകയായിരുന്നു. ഈ അവസരത്തില്‍ പൈലറ്റ് അതിസാഹസികമായി വിമാനത്തെ മുകളിലേക്ക് നയിക്കുകയും വന്‍ അപകടം ഒഴിവാക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അടുത്ത ശ്രമത്തില്‍ വിമാനം സാധാരണ പോലെ സുരക്ഷിതമായി ഡുബ്ലിനില്‍ തന്നെ ഇറക്കാനും പൈലറ്റിന് സാധിച്ചു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.