മക്കള്‍ക്ക്‌ മുന്‍പില്‍ സത്യം തെളിയിക്കാന്‍ ശോഭ പോരാടി; വാട്ട്സ്ആപ്പിലൂടെ പ്രചരിക്കപ്പെട്ട നഗ്നദൃശ്യങ്ങള്‍ തൊടുപുഴയിലെ വീട്ടമ്മയുടേത് അല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

0

വാട്ട്സ്ആപ്പിലൂടെ പ്രചരിക്കപ്പെട്ട നഗ്നദൃശ്യങ്ങള്‍ തൊടുപുഴയിലെ വീട്ടമ്മയുടേത് അല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രചരിച്ച ദൃശ്യങ്ങള്‍ തന്റേത് അല്ലെന്ന് ശോഭ സജു എന്ന വീട്ടമ്മ തെളിയിച്ചത്.

ദൃശ്യത്തിനൊപ്പം ഇവരുടെ പേര് അടിക്കുറിപ്പായി നല്‍കിയാണ് രണ്ട് വര്‍ഷം മുമ്പ് വാട്ട്സ്ആപ്പിലൂടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. 
ആത്മാഭിമാനം രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു രണ്ടരവര്‍ഷമായി ശോഭ. ആ കാലയളവില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു. മക്കളെ കാണാന്‍ പോലും അനുമതിയില്ലാതായി. എന്നിട്ടും ശോഭ പൊരുതി ഒരുനാള്‍ സത്യം തെളിയുമെന്ന് തന്നെ പ്രതീക്ഷിച്ചു. 

സ്വന്തം നഗ്‌നദൃശ്യങ്ങള്‍ ശോഭ തന്നെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു.
ഭര്‍ത്താവും ഇവരുടെ സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത് . ശോഭസംഭവത്തിന് ശേഷം മുഖം പോലും മറയ്ക്കാതെയായിരുന്നു ശോഭ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആ ധൈര്യമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. 

വാട്‌സാപ്പ് വഴി പ്രചരിച്ച നഗ്‌നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു. സൈബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ് സിഡാക്കിന്റെത്. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയും ഫലം കണ്ടിരുന്നില്ല. 

എന്നാല്‍ ആരാണ് ശോഭയുടെ പേരില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. തന്റെ മൂന്ന് മക്കള്‍ക്ക് വേണ്ടിയായിരുന്നു പോരാട്ടമെന്ന് ശോഭ പറഞ്ഞു. ‘തന്റെ പേരില്‍ മക്കള്‍ സമൂഹത്തില്‍ അപമാനത്തിന് ഇരയാവാതിരിക്കാനാണ് സത്യം പുറത്തു കൊണ്ടു വരാന്‍ പോരാടിയത്. 
പോരാട്ടം ഇവിടെ തീരുന്നില്ല.-ശോഭ പറയുന്നു. എവിടെ നിന്നോ വന്ന ഒരു നഗ്‌നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടത് ആരാണ്? ആ ഉറവിടം കണ്ടെത്താതെ തന്റെ ദുരിതം തീരില്ലെന്ന് ശോഭ വിശ്വസിക്കുന്നു.