വിവാഹാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് പട്ടാപ്പകൽ നടുറോഡിലിട്ട് തീകൊളുത്തി

0

തിരുവല്ല: തിരുവല്ലയിൽ കോളജ് വിദ്യാർഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ചു തീകൊളുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടു കൂടി തിരുവല്ല ചിലങ്ക ജങ്ഷനിലാണ് ദാരുണ സംഭവം നടന്നത്. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു(18)വാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി തവണ വിവാഹഭ്യര്‍ഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചതിനെത്തുടര്‍ന്നാണ് അജിൻ അവരെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.

അയിരൂര്‍ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമത്തിനിരയായത്. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തീ കൊളുത്തും മുന്‍പ് യുവാവ് പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്ന് സൂചനയുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സിവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. രാവിലെ ബൈക്കില്‍ രണ്ടു കുപ്പി പെട്രോളുമായെത്തി പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ തടഞ്ഞ് നിര്‍ത്തിയാണ് തീ കൊളുത്തിയത്. നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

പ്ലസ് ടുവിന് പഠിക്കുമ്പോൾ മുതൽ അജിൻ റെജി മാത്യുവിന് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ അജിനോട് പെൺകുട്ടി താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം അജിൻ വിവാഹഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി ഇതെല്ലാം നിരസിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയും യുവാവ് വിവാഹക്കാര്യം അവതരിപ്പിച്ചെങ്കിലും അവരും പറ്റില്ലെന്നറിയച്ചതോടെയാണ് യുവാവ് യുവതിക്കു നേരെ ആക്രമണം നടത്തിയത് എന്നാൽ ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്ന വിവരങ്ങൾ.