അംബാനി കല്യാണത്തിൽ മിന്നി തിളങ്ങി താര സുന്ദരികൾ…

1

ആകാശ് അംബാനിയുടെ കല്യാണത്തിന് അംബാനി കുടുംബം ഒരുക്കിവെച്ചിരിക്കുന്ന വിസ്മയകാഴ്ച്ചകൾ കാണാൻ കല്യാണ വിവരം അറിഞ്ഞത് മുതൽ ജനം അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ഈ കല്യാണമാമാങ്കത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന മായാ കാഴ്ച്ചകൾക്കൊപ്പം വെള്ളിത്തിരയിലെ പ്രിയ താരങ്ങളെ കുറിച്ചതും ജനം വല്ലാത്ത പ്രതീക്ഷയിലായിരുന്നു. കാരണം അംബാനി കുടുംബത്തിലെ ഏതാഘോഷത്തിനും അവാർഡ് നിശകൾക്ക് എത്തുന്നതിനേക്കാൾ കൂടുതൽ ബോളിവുഡ് താരസാന്നിധ്യം ഉണ്ടാകാറുണ്ട്.

അതെ പോലെ ചടങ്ങിൽ അടിമുടി തിളങ്ങാൻ അവർ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ഇത്തവണ അംബാനി കല്യാണത്തിനെത്തിയ താര സുന്ദരിമാരെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. ഒട്ടുമിക്ക പ്രശസ്ത ഫാഷൻ ഡിസൈനേഴ്‌സിന്റെയും ഡിസൈനുകളും ഇവിടെ കാണാനും കഴിഞ്ഞു . അംബാനികല്യാണത്തിനു വന്ന താര സുന്ദരികൾക്ക് പിറകെയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫാഷൻ ലോകം.

സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത ക്രിംസൻ റെഡ് നിറത്തിലുള്ള ഷീർ സാരി അണിഞ്ഞെത്തിയ ദീപിക പദുക്കോൺ ആണ് താര സുന്ദരികളിൽ ഏറ്റവും നന്നായി തിളങ്ങിയതെന്നു പറയാതെ വയ്യ. ക്രിംസൻ റെഡ് നിറത്തിലുള്ള ഷീർ സാരി. ‘V’ ആകൃതിയിലുള്ള പ്ലംഗിങ് കഴുത്തുള്ള സിന്തറ്റിക് ബ്ലൗസും ദീപികയുടെ ഭംഗി ഒന്നുകൂടെ കൂട്ടി. ഇതിനൊപ്പം അണിഞ്ഞ പേൾ ജ്വല്ലറി ദീപികയെക്ക് ഒരു രാജകീയ ഭംഗി നൽകി.

വിവാഹ ശേഷമുള്ള പ്രിയങ്കയെ കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. നിക്ക് ജോനാസിനൊപ്പമുള്ള മധുവിധുവിനുശേഷം അടുത്തിടെയാണ് പ്രിയങ്ക ഇന്ത്യയിലെത്തിയത്. തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത സിൽവറിഷ് ബ്ലൂ കളറിലുള്ള ഷീർ സാരി അണിഞ്ഞാണ് പ്രിയങ്ക ആകാശ് അംബാനിയുടെ കല്യാണത്തിന് എത്തിയത്. സിൽവറിഷ് ബ്ലൂ കളറിലുള്ള സാരി നിറയെ വെളുത്ത പൂക്കളുടെ പ്രിന്റ് വർക്ക് താരത്തെ കൂടുതൽ മനോഹാരിയാക്കി. അതിനൊപ്പം സിമ്പിൾ ആയുള്ള ഡയമണ്ട് ആഭരങ്ങളും സീമന്ത രേഖയിൽ വാരിത്തൂവിയ സിന്ദൂരവും മുന്നിലേക്ക് വീണു കിടക്കുന്ന ചുരുൾ മുടിയും ആരാധകരുടെ മനം മയക്കി.

മുൻ ലോകസുന്ദരി ഐശ്വര്യ റായിയുടെ ഔട്ട് ഫിറ്റിൽ ആരാധകർ അത്രകണ്ട് സംതൃപ്തരല്ല. പലതവണ കണ്ടു മടുത്ത ലഹങ്ക ഡിസൈൻ ആണ് ഐശ്വര്യയുടേതെന്നാണ് ആരാധകർ പറയുന്നത്. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണു താരത്തിനായി വസ്ത്രം ഒരുക്കിയത്. നീലയിൽ സിൽവർ അലങ്കാരങ്ങൾ നിറഞ്ഞ ലഹങ്കയായിരുന്നു ഐശ്വര്യയുടെ വേഷം. ലഹങ്കയുടെ കഴുത്ത് ഓഫ് ഷോൾഡർ മോഡലിലായിരുന്നു. കഴുത്തിൽ മാലയിടാതെ ഒരു തൂക്കുകമ്മലും ഡയമണ്ട് ബ്രേസ്‌ലെറ്റുമാണ് താരം ധരിച്ചത്.

പ്രസവശേഷം സിനിമയിൽ അത്ര സജീവമല്ലേലും പൊതുവേദികളിൽ താരം മിക്കപ്പോഴും പ്രത്യക്ഷ പെടാറുണ്ട്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഇളം നീല നിറത്തിലുള്ള ചുന്നരി സ്റ്റൈൽ ലഹങ്കയാണ് കരീന കപൂർ ധരിച്ചത് ഇതിലെ ചെറിയ എംബ്രോയിഡറി വർക്കും മിറർ വർക്കും ലഹങ്ങയെ ഒന്നുകൂടി മനോഹരമാക്കുന്നു. ഇതിനൊപ്പം തോളിൽ വീണു കിടക്കുന്ന രീതിയിലുള്ള ജാക്കറ്റും കഴുത്തിലണിഞ്ഞ ചോക്കർ നെക്‌ലേസും കരീനയ്ക്ക് പെർഫെക്റ്റ് ഔട്ട് ഫിറ്റ് നൽകുന്നു.

അനിതാ ഡോങ്‌റെ ഡിസൈൻ ചെയ്ത പരമ്പാരാഗതവും ഒപ്പം മോഡേണുമായ ലഹങ്കയിൽ കത്രീന കൈഫ് അതി സുന്ദരിയായി കാണപ്പെട്ടു.നീലയും പച്ചയും വെള്ളയും നിറങ്ങളിലുള്ള പൂക്കളാൽ സമ്പന്നമായിരുന്നു കത്രീനയുടെ ലഹങ്ക. ഇതോടൊപ്പം ബിക്കിനി മോഡലിലുള്ള നീല ബ്ലൗസും, ചേരുന്ന ആഭരങ്ങളും അണിഞ്ഞപ്പോൾ കത്രീന കൂടുതൽ സുന്ദരിയായി.

യുവ താര സുന്ദരി ആലിയ ഭട്ട് തന്റെ സൗന്ദര്യം ഒന്നുകൂടി കൂട്ടുന്ന നിറമാണ് ആകാശിന്റെ വിവാഹത്തിനായി തിരഞ്ഞെടുത്തത്. സബ്യസാചിയുടെ ഏറ്റവും പുതിയ ഡിസൈനിലുള്ള ഇളം മഞ്ഞ നിറത്തിലുള്ള ഫ്ലോറൽ ത്രെഡ് വർക്കുള്ള ലഹങ്കയും ലോ കട്ട് നെക്ക് ലൈനിലുള്ള ബ്ലൗസും,ഷീർ ദുപ്പട്ടയും, അതിനു ചേർന്ന ചോക്കർ നെക്‌ലേസിലും ആലിയ ഭട്ട് ഒരു രാജകുമാരിയെപോലെ തിളങ്ങി.

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മകളും, ബോളിവുഡിലെ പുതുനിര നായികയുമായി ജാൻവി കപൂർ, മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലഹങ്കയിലാണുചടങ്ങിനെത്തിയത്. പിങ്ക് നിറത്തിലുള്ള ലഹങ്കയിൽ സിൽവർ എംബല്ലിഷ്മെന്റിന്റെ പ്രൗഡിയും ലഹങ്കയിൽ ഉടനീളമുള്ള മിറർ വർക്കും ഒപ്പമണിഞ്ഞ തൂക്കുകമ്മലും ജാൻവിയെ കൂടുതൽ സുന്ദരിയാക്കി.

കിയാരാ അദ്വാനിയായിരുന്നു ചടങ്ങിലെ മറ്റൊരു താരം. മനീഷ് മൽഹോത്രയായിരുന്നു കിയാരയുടെ ലഹങ്ക ഡിസൈൻ ചെയ്തത്. മരതക പച്ച കല്ലുകളുള്ള മാലയും കമ്മലുകളുമാണു താരം അണിഞ്ഞത്. ഐവറി കളർ ലെഹങ്കയും അതിനു ചേരുന്ന ദുപ്പട്ടയും പൊട്ലിയുമായിരുന്നു താരത്തിന്റെ വേഷം.

സിൽവറിൽ ലേയേർഡ് വർക്കുള്ള ബ്ലൗസും, ലേയേർഡ് ഷീർ ലഹങ്കയും അതിനിണങ്ങുന്ന ദുപ്പട്ടയുമണിഞ്ഞാണ് ദിഷ പട്ടാണി സദസിലെത്തിയത്. എന്നാൽ താരത്തിന്റെ ഡ്രെസ്സിലും മേക്കപ്പിലും ഫാഷനിസ്റ്റുകൾ അത്ര ത്രിപ്പ്തികാണിച്ചില്ല.