റെക്കോഡ് കുറിച്ച് സ്വർണ്ണവില; പവന് 600 രൂപകൂടി 39,200 രൂപയായി

1

സംസ്ഥാനത്ത് സ്വർണ്ണ വിലകുതിച്ചുയർന്നുകൊണ്ടിരിക്കയാണ്. ചൊവാഴ്ച പവന് 600 രുപകൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഈ രീതി തുടര്‍ന്നാല്‍ വൈകാതെ സ്വര്‍ണവില പവന് 40,000 രൂപപിന്നിട്ടേക്കും.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും സ്വർണ്ണവിലയുടെ കുതിച്ചുകയറ്റത്തിനിടയാക്കിയത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ആറു വ്യാപാര ദിനങ്ങളിലായി 160 ഡോളറിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 52,410 രൂപ നിലവാരത്തിൽ എത്തി നിൽക്കുകയാണ്.

അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം മുറുകുന്നതും കൊവിഡ് വ്യാപനംമൂലം രാജ്യങ്ങൾ പ്രതിസന്ധി നേരിടുന്നതുമാണ് സ്വർണവിലയിലെ തുടർച്ചയായ വർദ്ധനയ്ക്ക് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഈയാഴ്ച അവസാനം ചേരാനിരിക്കുന്ന യു.എസ് ഫെഡ് റിസർവ് യോഗത്തിലെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ.