ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

0

ദുബായ്: യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മേധാവി അലോക് സിങ്. സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നും ഇതിന് പുറമെ ബഹറൈന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലും വര്‍ദ്ധനവ് വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നും യുഎഇയിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗത വിപണി ഏറെക്കുറെ പൂര്‍ണമായി ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. പുതിയ വിമാനത്താവളമെന്ന നിലയില്‍ കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകളുടെ വര്‍ദ്ധനവ് പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് നിലവിലുള്ള വ്യോമ ഗതാഗത ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മേധാവി സൂചിപ്പിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇതിന് പുറമെ ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളില്‍ നിന്നും മൂന്നാം നിര നഗരങ്ങളില്‍ നിന്നും യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളുടെ ശേഷി വര്‍ദ്ധനവ് കമ്പനിയുടെ പരിഗണനയിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകളുടെ കാര്യം പരിഗണിക്കുമ്പോള്‍ ഗള്‍ഫ് സര്‍വീസുകള്‍ക്ക് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കുള്ള കണക്ടിവിറ്റി പോയിന്റായി കേരളത്തിലെ വിമാനത്താവളങ്ങളെ മാറ്റിക്കൊണ്ടുള്ള പദ്ധതിയാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് മേധാവി പറ‌ഞ്ഞു. ഇതിലൂടെ യുഎഇയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് വിവിധ നഗരങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാവുകയും ചെയ്യുമെന്നും അലോക് സിങ് ചൊവ്വാഴ്ച ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.