സംഗീത സംവിധായകനും ഗിറ്റാറിസ്റ്റുമായ ജോണ്‍ പി. വര്‍ക്കി അന്തരിച്ചു

0

തൃശ്ശൂര്‍: ഗിറ്റാറിസ്റ്റും ഗാനരചയിതാവും സംഗീതസംവിധായകനുമായ ജോണ്‍ പി.വര്‍ക്കി (52)അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം.

നെയ്ത്തുകാരന്‍, കമ്മട്ടിപ്പാടം, ഒളിപ്പോര്, ഉന്നം, ഈട, പെണ്‍കൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുഗു സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. അവിയല്‍ എന്ന റോക്ക് ബാൻഡിന് ചില പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് വന്‍ ഹിറ്റായതോടെ ജോണ്‍ വര്‍ക്കി യുവതലമുറയുടെ ഹരമായി.

ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും ഗിറ്റാറില്‍ എട്ടാം ബാൻഡ് പാസായ ജോണ്‍ വര്‍ക്കി തുടര്‍ന്ന് ഗിറ്റാറിസ്റ്റായി സംഗീതരംഗത്ത് ജീവിതം ആരംഭിച്ചു. ബി.എം.ജി. ക്രെസന്‍ഡോയുടെ ലേബലില്‍ ജിഗ്സോപസില്‍ എന്ന ബാൻഡിന്‍റെ പേരില്‍ മൂന്ന് ആല്‍ബങ്ങള്‍ ആദ്യം പുറത്തിറക്കിയിരുന്നു. മലയാളം റോക്ക് ആദ്യമായി ജിഗ് സോപസില്‍ ബാൻഡിന്‍റെ ഗാനങ്ങളായി പുറത്തുവന്നെങ്കിലും അന്ന് അത് വേണ്ടത്ര ജനങ്ങളില്‍ എത്തിയില്ല. കേരളത്തിലുടനീളം സംഗീതപരിപാടികള്‍ അവതരിപ്പിച്ചെങ്കിലും അത്രയ്ക്ക് ജനപ്രിയമായില്ല ഈ പരീക്ഷണം.

2007ല്‍ ഫ്രോസൺ എന്ന ഹിന്ദിസിനിമയിലെ സംഗീതസംവിധാനത്തിന് മഡിറിഡ് ഇമാജിന്‍ ഇന്ത്യ ഫിലിം ഫെസ്റ്റിവെലില്‍ പുരസ്കാരം നേടിയിരുന്നു. നിരവധി പഴയ നാടന്‍പാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയുള്ള പരീക്ഷണം പിന്നീട് ജനപ്രിയമായ അവിയല്‍ ബാൻഡ് ഗാനങ്ങള്‍ക്ക് വഴിവെച്ചു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമായി സഹകരിച്ചാണ് ഇത്തരം മോഡേണ്‍ രീതി അവംലബിച്ചത്. ഇന്ത്യയിലുടനീളം ലൈവായി സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

ഭാര്യ: ബേബിമാത്യു (അധ്യാപിക, മണ്ണുത്തി ഡോണ്‍ബോസ്‌ക്കോ എല്‍.പി. സ്‌കൂള്‍). മക്കള്‍: ജോബ്,ജോസഫ്.