ഒരാഴ്‌ച പഴക്കമുള്ള ചിക്കൻ കറി; തിരുവനന്തപുരത്തെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി

0

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകംചെയ്യുന്നതായും കണ്ടെത്തി. നഗരത്തിലെ ഹോട്ടലുകളിലും കടകളിലും നഗരസഭയുടെ ഹെൽത്ത് സ്ക്വാഡാണ് പരിശോധന നടത്തിയത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് സ്‌ക്വാഡുകളായി തിരിഞ്ഞ് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങൾ പിടികൂടി. കമലേശ്വരം- അട്ടക്കുളങ്ങര, കിഴക്കേക്കോട്ട പാളയം, ഓവർ ബ്രി‌ഡ്ജ് – കരമന ഭാഗങ്ങളിൽ റോഡിന് ഇരുവശവും രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് രാവിലെ 7ന് ആരംഭിച്ച പരിശോധന ഉച്ചവരെ തുടർന്നു.

ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ദിവസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ച ചിക്കന്‍ വിഭവങ്ങളും ഫ്രൈഡ് റൈസും ഉള്‍പ്പെടയുള്ളവയാണ് പിടികൂടിയത്. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തി.

60 ഓളം ഹോട്ടലുകളിലും ബേക്കറികളും നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങളും വൃത്തിയില്ലാതെ സൂക്ഷിച്ചിരുന്ന ഭക്ഷണവസ്തുക്കളും പിടികൂടി. പഴകിയ അരി, ചോറ്, ബിരിയാണി, മത്സ്യം, ഇറച്ചി, പാൽ, തൈര് തുടങ്ങിയ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പലഹാര നിർമ്മാണ യൂണിറ്റുകൾ, ചിപ്സ് കടകൾ എന്നിവിടങ്ങളിൽ നിന്ന് പഴകിയ എണ്ണയും കണ്ടെത്തി.

പങ്കജ്, ചിരാഗ് തുടങ്ങിയ ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍നിന്നും, ബുഹാരി, ബിസ്മി, ആര്യാസ്, എം.ആര്‍.എ. തുടങ്ങിയ പ്രമുഖ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തെന്നാണ് വിവരം. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മേയര്‍ ഉച്ചയോടെ പുറത്തുവിടും.

പ്രശ്നം കണ്ടെത്തിയ ഹോട്ടലുകൾക്ക് ഉടൻ നോട്ടീസ് നൽകും. നേരത്തെ നോട്ടീസ് നൽകിയിട്ടും തിരുത്താത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നഗരസഭ അറിയിച്ചു. ഹോട്ടലുകളിൽ നല്ല ഭക്ഷണമുറപ്പാക്കാൻ ‘സുഭോജൻ പദ്ധതി’ നടപ്പാക്കുന്നതിന് മുന്നോടിയായാണ് നഗരസഭ പരിശോധനകൾ വ്യാപകമാക്കിയത്. പരിശോധന ഉന്ന് ഉച്ചവരെ തുടരും.